മുംബൈ: ചെനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ പത്തു ശതമാനം താരിഫ് ഈടാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്.വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് ആയിരത്തോളം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.
22,500 എന്ന ലെവലിനും താഴെയാണ് നിഫ്റ്റി.ഡിസംബര്‍ പാദത്തിലെ ജിഡിപി ഡേറ്റയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഇന്ന് ഓഹരി വിപണി ഒരു ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍ ചെറുകിട, ഇടത്തരം കമ്പനികള്‍ രണ്ടു ശതമാനമാണ് കൂപ്പുകുത്തിയത്.പ്രധാനപ്പെട്ട 13 സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. ഐടി, ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എം ആന്റ് എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍.അതിനിടെ രൂപയുടെ മൂല്യത്തിലും ഇടിവ് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ ഇടിവാണ് നേരിട്ടത്. ഡോളറിനെതിരെ 87.37ലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഭ്യന്തര വിപണിയിലെ ഇടിവുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.