കറാക്കസ്: വെനിസ്വേലയില്‍നിന്ന് യു.എസിലേക്കുള്ള എണ്ണ ഇറക്കുമതി ഈ ആഴ്ച അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രഖ്യാപനം. വക്രബുദ്ധിക്കാരനായ ജോ ബൈഡന്‍ വെനിസ്വേലക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2024ലെ വെനിസ്വേലയുടെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രസിഡന്റ് നികളസ് മദൂറോ പരാജയപ്പെട്ടുവെന്നും കുടിയേറ്റക്കാരെ തിരിച്ചുവിളിക്കാന്‍ വേഗം നടപടി സ്വീകരിച്ചില്ലെന്നും ട്രംപ് വിമര്‍ശിച്ചു.
ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മദൂറോ സമ്മതിച്ചതിനെത്തുടര്‍ന്നാണ് 2022ല്‍ ബൈഡന്‍ ഭരണകൂടം എണ്ണ ഇറക്കുമതിക്ക് അനുവാദം നല്‍കിയത്. യു.എസ് കമ്പനിയായ ഷെവ്റോണ്‍ കോര്‍പറേഷനാണ് വെനിസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ട്രംപിന്റെ തീരുമാനം വെനിസ്വേലയുടെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.