കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിഗൂഢ രോഗം പടരുന്നു. അഞ്ചാഴ്ചക്കിടെ 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തെ ഇക്വറ്റര്‍ പ്രവിശ്യയിലെ വിദൂര ഗ്രാമങ്ങളില്‍ ഇതുവരെ 431 കേസുകളും 53 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
പടിഞ്ഞാറന്‍ കോംഗോയില്‍ 1,096-ലധികം കേസുകളും 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിക്ക കേസുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായി 48 മണിക്കൂറിനകം മരണം സംഭവിക്കുകയാണ്.
വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിലാണ് ആദ്യം നിഗൂഢ രോഗം കണ്ടെത്തിയത്. രോഗം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തുകയാണെന്നും കൃത്യമായ കാരണം അജ്ഞാതമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിക് പറഞ്ഞു.
പനി, ഛര്‍ദ്ദി, ആന്തരിക രക്തസ്രാവം, വയറിളക്കം, ശരീരവേദന, കടുത്ത ദാഹം, സന്ധി വേദന എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം ബാധിച്ച് മരിച്ച കുട്ടികള്‍ക്ക് മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായാണ് അധികൃതര്‍ പറയുന്നത്.