കീവ് ; കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ.
തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സൂമി, ഖാര്‍ക്കീവ് നഗരങ്ങളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴി നിര്‍മിക്കാന്‍ ധാരണയുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക.
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിന്റെ അഭ്യര്‍ഥന മാനിച്ചാണ് റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ 13 ദിവസമായി കീവ്, ഖാര്‍കീവ്, സുമി നഗരങ്ങളിൽ കനത്ത ഷെല്‍ ആക്രമണമാണ് റഷ്യന്‍ സേന നടത്തുന്നത്.
യുക്രൈനില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് മാര്‍ച് അഞ്ചിന് റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി അഞ്ചര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തലാണ് അന്ന് പ്രഖ്യാപിച്ചത്.
യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതിന് വിവിധ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്‍ഡ്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള നഗരമാണ് സുമി.
അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച നടത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നു.