ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് രാജി വയ്ക്കാന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം വോട്ടിനിടാനിരിക്കെയാണ് സൈന്യക മേധാവി രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതെന്നും സൂചനകളുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ- ഓപ്പറേഷന്റെ (ഒഐസി) ഈ മാസം നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം രാജി നല്‍കണമെന്നാണ് ആവശ്യമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് യോഗം.
രാജ്യത്തെ ചാര സംഘടനകളുടെ മേധാവി നദീം അന്‍ജും ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബജ്‌വയും മറ്റു മൂന്ന് മുതിര്‍ന്ന സൈനിക ജനറല്‍മാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇമ്രാനെ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഇവര്‍ എത്തിച്ചേരുകയായിരുന്നുവെന്ന് റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു.
മുന്‍ സൈനിക മേധാവി റാഹീല്‍ ഷരീഫ്, ബജ്‌വയുമായി നടത്തുന്ന കൂടിക്കാഴ്ച സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഇടയാക്കുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ദൗത്യത്തില്‍ ഷരീഫ് പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ സാമ്ബത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാന്‍ സര്‍ക്കാരാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിനാണ് പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷ കക്ഷികളിലെ നൂറോളം എംപിമാര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
പിടിഐയിലെ 25 വിമത എംപിമാര്‍ കൂടി പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ സര്‍ക്കാരിന്റെ ഭാവി തുലാസിലാകുകയായിരുന്നു. വിമത എംപിമാരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 28നാകും പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുക.
സമ്മേളന കാര്യപരിപാടികളില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തിങ്കളാഴ്ച ദേശീയ അസംബ്ലിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.