Monday, December 23, 2024

HomeMain Storyകെ റെയില്‍: ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമെന്ന് മുഖ്യമന്ത്രി

കെ റെയില്‍: ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമെന്ന് മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ന്യായങ്ങള്‍ വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഇപ്പോള്‍ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരെയും വിഷമിപ്പിക്കാനല്ല സര്‍ക്കാരിന്റെ തീരുമാനം. ഗ്രാമങ്ങളില്‍ നാലിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. ആരെയും വഴിയാധാരമാക്കാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കും. പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോ എന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയും. സങ്കുചിത രാഷ്ട്രീയത്തിനു വേണ്ടിയല്ല, നാടിന്റെ വികസനത്തിനായാണ് നില്‍ക്കേണ്ടത്. സ്വകാര്യമായി ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളും പദ്ധതി വേണ്ടതാണെന്ന് പറയും. ഒരു പിപ്പിടിവിദ്യയും ഇങ്ങോട്ടു കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇന്നും കെ റെയില്‍ കല്ലീടിലിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ന്നു. ചോറ്റാനിക്കരയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അഞ്ചോളം സര്‍വേക്കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് തോട്ടിലെറിഞ്ഞു. കല്ല് കൊണ്ടു വന്ന വാഹനം തടഞ്ഞു. കല്ലുകള്‍ പിടിച്ചെടുക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു.

ചോറ്റാനിക്കരയിലെ ഇന്നത്തെ കല്ലിടല്‍ നിര്‍ത്തിയതായും നാളെ രാവിലെ വീണ്ടും കല്ലിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്ലിടുന്നതിന് സംരക്ഷണം നല്‍കാന്‍ വന്‍ പൊലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. കല്ലിടല്‍ തടയാന്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ചോറ്റാനിക്കരയിലെത്തിയിരുന്നു. സില്‍വര്‍ ലൈനെതിരായ സമരത്തില്‍ സര്‍ക്കാര്‍ കേസെടുത്താല്‍ നേരിടുമെന്നും, പാവപ്പെട്ട ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും ഇറക്കിവിടാമെന്ന് കരുതേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

കോഴിക്കോട് കല്ലായിയിലും കല്ലിടലിനുമെതിരെ രൂക്ഷമായ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കല്ലിടല്‍ ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥാപിക്കാനെത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് തടിച്ചുകൂട്ടിയ സമരക്കാര്‍ കല്ലുകളുമായി എത്തിയ വാഹനം തടയുകയും, കെ റെയില്‍ ഗോ ബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണയ്ക്ക് മര്‍ദ്ദനമേറ്റു. പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. യാതൊരു അറിയിപ്പും കൂടാതെയാണ് ഉദ്യോഗസ്ഥരെത്തിയതെന്നും, കല്ലിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു. കോട്ടയം നട്ടാശ്ശേരിയിലും കല്ലിടലിനെതിരെ വന്‍ പ്രതിഷേധമാണ്. മലപ്പുറം തിരുനാവായയില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ ഇന്ന് നിര്‍ത്തിവെച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments