കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത നാളെ വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്ബോഴാണ് വിധി വരുന്നത്.
വിധി വൈകുന്നതിനെതിരെ പരാതിക്കാരന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 26നകം കേസ് പരിഗണിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു.
എന്‍.സി.പി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എം.എല്‍.എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വരുന്നത്.
നേരത്തെ ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത്. തുടര്‍ന്ന് ലോകായുക്ത നിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാത്തതിനാല്‍ ഇപ്പോഴും പഴയ ലോകയുക്ത നിയമം തന്നെയാണ് നിലനില്‍ക്കുന്നത്