വാഷിങ്ടൺ: ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രതികരിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. സഹായത്തിനായി കാത്തുനിന്ന 104 പേരെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് ഗുട്ടറസ് ആവശ്യപ്പെട്ടു.
യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കി കാണുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 30,000 പേർ മരിച്ചുവെന്നാണ് ഫലസ്തീൻ അതോറിറ്റി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രമേയം പാസാക്കുന്നതിൽ യു.എൻ സുരക്ഷാസമിതി നിരന്തരമായി പരാജയപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിനും അദ്ദേഹം ഉത്തരം പറഞ്ഞു.
വീറ്റോ അധികാരത്തെ സെക്യൂരിറ്റി കൗൺസിലിന്റെ പ്രവർത്തനത്തെ തളർത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ചുള്ള ഗുട്ടറസിന്റെ വിമർശനം. ഫലസ്തീനിൽ വെടിനിർത്തൽ അത്യാവശ്യമാണ്. നിരുപാധികമായി ബന്ദികളെ വിട്ടയക്കുകയും വേണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സെക്യൂരിറ്റി കൗൺസിലിന് കഴിയുമെന്നും ഗുട്ടറസ് പറഞ്ഞു.