തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തിനു ഇടയായ കാര്യങ്ങള്‍പുറംലോകം അറിയരുതെന്നു ഡീനും അസി. വാര്‍ഡനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആന്റി റാഗിംഗ് സ്‌ക്വാഡ് യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മരണം സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ നിന്നും പോലീസ് മൊഴി എടുത്തപ്പോള്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കൂടെ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
ഭയം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ പറയാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാതെ അധ്യാപകരും വിട്ടുനിന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ആന്റി റാഗിങ് സ്‌ക്വാഡിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. 85 ഓളം ആണ്‍കുട്ടികളാണ് അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജാരായിരുന്നത്. എന്നാല്‍ ഭൂരിഭാഗം അധ്യാപകരും പെണ്‍കുട്ടികളും ഹാജരായില്ല. നാല് അധ്യാപകരും വിദ്യാര്‍ത്ഥിനികളും മാത്രമാണ് സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്.
പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്താന്‍ പലകാര്യങ്ങളും പുറത്തുപോകുമെന്ന ഭയത്തിലാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്ന ആരോപണം ഉയര്‍ന്നു. കൂടാതെ കാമ്പസില്‍ നേരത്തെയും സമാനമായ മര്‍ദനമുറകള്‍ നടന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലും 2021ലും സമാനമായി റാഗിങ്ങ് നടന്നു. ഇതില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് ഇരയായത്.