കാലിഫോർണിയ: എട്ട് മില്യൺ ഡോളർ (66 കോടി) വിലമതിക്കുന്ന മേക്കപ്പ് ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കാലിഫോർണിയൻ യുവതി പിടിയിൽ. 53 കാരിയായ മിഷേൽ മാക്കിനെയാണ് കാലിഫോർണിയ അധികൃതർ അറസ്റ്റ് ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവർ അമേരിക്കയിലെ അൾട്ട, ടിജെ മാക്സ്, വാൾഗ്രീൻസ് തുടങ്ങിയ അമേരിക്കൻ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകളിൽ നിന്നാണ് മോഷ്ടിച്ചത്. മാക്കിന്‍റെ ആഡംബര സാൻ ഡിയാഗോ മാൻഷനിലാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കാലിഫോർണിയയിലെയും ടെക്‌സാസ്, ഫ്ലോറിഡ, ഒഹായോ എന്നിവയുൾപ്പെടെ മറ്റ് 10 സ്ഥലങ്ങളിലെയും കടകളിൽ നിന്ന് മേക്കപ്പ് ഉൽപ്പന്നങ്ങൾ മോഷ്ടിക്കാൻ 12 സ്ത്രീകളെയാണ് മാക് നിയമിച്ചത്. മോഷ്ടിച്ച ഉൽപ്പന്നങ്ങൾ ആമസോൺ സ്റ്റോറിൽ വിലക്കുറവിൽ വിറ്റതായി റിപ്പോർട്ടുണ്ട്. കാലിഫോർണിയ ഗേൾസ് എന്നറിയപ്പെടുന്ന ഇവർ കാലിഫോർണിയയിലും പരിസരത്തുമായി നൂറുകണക്കിന് മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിമാനക്കൂലി, കാർ, മറ്റ് യാത്രാ ചെലവുകൾ അടക്കം എല്ലാ കാര്യങ്ങളും മാകിന്‍റെ നിയന്ത്രണത്തിലായിരുന്നു.
ഏതൊക്കെ സ്റ്റോറുകളാണ് ടാർഗറ്റ് ചെയ്യേണ്ടതെന്നും ഏതൊക്കെ സാധനങ്ങൾ എടുക്കണമെന്നും മാക് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കൂടാതെ ബാഗുകളിൽ നിറച്ച മോഷ്ടിച്ച സാധനങ്ങൾ എടുക്കുന്നതിന് മുമ്പ് മുഴുവൻ ഷെൽഫുകളും വൃത്തിയാക്കാൻ സ്ത്രീകളെ അയച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച കാലിഫോർണിയ അറ്റോർണി ജനറൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവരുടെ താവളത്തിൽ നിന്ന് മേക്കപ്പ് സാധനങ്ങളും മറ്റും കണ്ടെടുക്കുകയായിരുന്നു.