വാഷിങ്ടൺ: വിവാദ പൗരത്വ ഭേദഗതി നിയമത്തിൽ (സി.എ.എ) ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് നിയമമെന്ന് യു.എന്‍ വ്യക്തമാക്കി. സി.എ.എ വിജ്ഞാപനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും നിയമം ഏത് രീതിയിൽ നടപ്പാക്കുമെന്ന് നിരീക്ഷിച്ചുവരികയാണെന്നും അമേരിക്ക അറിയിച്ചു.
‘2019ൽ പറഞ്ഞതുപോലെ, തങ്ങൾക്ക് ആശങ്കയുണ്ട്. കാരണം സി.എ.എ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ പാലിക്കേണ്ട മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണ്’ -യു.എൻ വക്താവ് പറഞ്ഞതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളെ നിയമം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 11ലെ സി.എ.എ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് യു.എസ് വിദേശകാര്യ വക്താവ് റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. നിയമം ഏത് രീതിയിൽ നടപ്പാക്കുമെന്ന് നിരീക്ഷിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും നിയമത്തിൽ എല്ലാ സമുദായങ്ങൾക്കും തുല്യപരിഗണന നൽകുന്നതും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.