ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകള്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ പുറത്തുവരുന്നത് ദുരൂഹതകള്‍. ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയതില്‍ മുമ്പിലുള്ളത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന വമ്പന്‍ സ്ഥാപനങ്ങള്‍.
ഏറ്റവുമധികം ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചില്‍ മൂന്നു കമ്പനികളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവരാണ്.
ഫ്യൂച്ചര്‍ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നിവ ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുണ്ട്. ഈ മൂന്ന് കമ്പനകിളും ഇഡി, ആദായ നികുതി എന്നിയുടെ നിരീക്ഷണത്തിലുള്ളവയാണ്. വേദാന്ത ഗ്രൂപ്പിനെതിരേ തമിഴ്‌നാട്ടില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടായതാണ്. കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ഓണ്‍ ലൈന്‍ ലോട്ടറി ഭീമന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ 1368 കോടിയുടെ ബോണ്ടാണ് വാങ്ങിക്കൂട്ടിയത്.
കമ്പനിയില്‍ നിന്ന് ഇഡി 409 കോടി പിടിച്ചെടുത്തതിനു പിന്നാലെ 100 കോടിയുടെ ബോണ്ട് വാങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേറെയും ചെയ്യുന്ന മേഘ എന്‍ജിനീയറിംഗ് 2023 ഏപ്രില്‍ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. തുടര്‍ന്ന് 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിന്‍ ടണല്‍ പദ്ധതി കമ്പനി നേടിടെയുത്തു.
പശ്ചിമ ബംഗാളില്‍ ഖനിക്കുള്ള അനുമതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് വേദാന്ത ഗ്രൂപ്പ് 25 കോടിയുടെ ബോണ്ട് വാങ്ങിയത്. ഖനന അനുമതി നേടിയ സഞ്ജീവ് ഗോയങ്കയുടെ ഹാല്‍ദിയ എനര്‍ജി ഗ്രൂപ്പ് 375 കോടിയുടെ ബോണ്ടാണ് വാങ്ങിയത്. അനധികൃത ഖനനത്തിന് കേസ് നേരിട്ട എസ്സെല്‍ ഗ്രൂപ്പ് വാങ്ങിയതാവട്ടെ 224 കോടിയുടെ ബോണ്ട്.
2019 ല്‍ ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത് 1700 കോടിയാണ്. 2024 ജനുവരിയില്‍ കിട്ടിയത് 202 കോടിയും. 2018 മുതല്‍ 2019 ഏപ്രില്‍ വരെയുള്ള 2500 കോടിയുടെ കണക്ക് എസ്ബിഐ ഇതു വരെ നല്കിയിട്ടില്ല