ന്യൂയോർക്: ഡെമോക്രാറ്റുകൾക്ക് വോട്ടു ചെയ്യുന്ന ജൂതന്മാർ ഇസ്രായേലിനെയും അവരുടെ മതത്തെയും വെറുക്കുന്നവരാണെന്ന വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡോണൾഡ് ട്രംപ്.
ഗസ്സ യുദ്ധം കൈകാര്യം ചെയ്യുന്നതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് പിഴവ് പറ്റിയെന്ന ഡെമോക്രാറ്റുകളുടെ വിമർശനം ശ്രദ്ധയിൽപെടുത്തിയപ്പോൾ ടി.വി ഇന്റർവ്യൂവിലായിരുന്നു ട്രംപിന്റെ പ്രതികരണം.
‘‘ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും അവരുടെ മതത്തെ വെറുക്കുന്നു. ഇസ്രായേലിനെക്കുറിച്ചുള്ള എല്ലാത്തിനെയും അവർ വെറുക്കുന്നു. അവർ സ്വയം ലജ്ജിക്കണം, കാരണം ഇസ്രായേൽ നശിപ്പിക്കപ്പെടും’’ -ട്രംപ് പറഞ്ഞു. അമേരിക്കയിലെ ജൂതന്മാരിൽ ഭൂരിഭാഗവും ഡെമോക്രാറ്റുകളെ പിന്തുണക്കുന്നവരായതാണ് ട്രംപിന്റെ പ്രകോപനത്തിന് കാരണം. ട്രംപിന്റെ വാക്കുകൾ വിവാദമായതോടെ രൂക്ഷ പ്രതികരണവുമായി വൈറ്റ് ഹൗസ് വക്താവും ജൂത നേതാക്കളും രംഗത്തെത്തി. ‘നികൃഷ്ടവും അനിയന്ത്രിതവുമായ ആന്റി സെമറ്റിക് വാചാടോപ’മെന്നാണ് വൈറ്റ്ഹൗസ് വക്താവ് ആൻഡ്രു ബേറ്റ്സ് പ്രതികരിച്ചത്.
പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ വിഷലിപ്തവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തുന്നതിൽ നീതീകരണമില്ലെന്നും ട്രംപിന്റെ പേരെടുത്തു പറയാതെ അദ്ദേഹം വിമർശിച്ചു. നവംബറിൽ ട്രംപ് വീണ്ടും പരാജയപ്പെടാൻ പോവുകയാണെന്നും അപ്പോൾ രാജ്യത്ത് ലജ്ജിക്കുന്ന ഒരേയൊരു വ്യക്തി അദ്ദേഹമായിരിക്കുമെന്നും ബൈഡന്റെ പ്രചാരണ സമിതി വക്താവ് ജെയിംസ് സിങ്ങർ പറഞ്ഞു.