തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ നല്കുന്നതില്‍ സംസ്ഥാനത്തിന് വന്‍ വീഴ്ച്ച. അന്വേഷണം സിബിഐയ്ക്ക് വിട്ടുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വന്ന് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സിബിഐയ്ക്ക് കൈമാറിയിരുന്നില്ല. ഇതിനെതിരേ രൂക്ഷമായ പ്രതികരണവുമായി സിദ്ധാര്‍ഥന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ അടങ്ങുന്ന പെര്‍ഫോമ നല്കുന്നതില്‍ വന്‍ വീഴ്ച്ചയാണ് സംസ്ഥാനം നടത്തിയത്. റാഗിംഗിനൊപ്പം ആള്‍ക്കൂട്ട വിചാരണ നടത്തി സിദ്ധാര്‍ഥനെ മര്‍ദിച്ചുവെന്നതാണ് കേസ്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട എഫ്ഐആറോ പ്രതികളുടെയും സാക്ഷികളുടെയും മൊഴികളോ മറ്റു രേഖകളോ വിജ്ഞാപനത്തിനൊപ്പം കൈമാറിയിരുന്നില്ല. രേഖകള്‍ നല്കുന്നത് വൈകിപ്പിച്ച സംഭവം വിവാദമാകുകയും സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശും പ്രതിപക്ഷവും സമരത്തിലേക്കെന്ന സൂചനകള്‍ നല്കിയതോടെയാണ് ഇന്നലെ കേന്ദ്രത്തിന് രേഖകള്‍ കൈാമാറാന്‍ തീരുമാനിച്ചത്.