വത്തിക്കാന്‍ സിറ്റി: ആര്‍ദ്രതയുടേയും നന്മയുടേയും പ്രകാശം പരത്തി ഫ്രാന്‍സീസ് മാര്‍പാപ്പ. പെസഹാ തിരുനാളിനോട് അനുബന്ധിച്ച് റോമിലെ വനിതാ ജയിലിലെ തടവുപുള്ളികളായ 12 സ്ത്രീകളുടെ കാല്‍കഴുകി അവരുടെ കാല് ചുംബിച്ച് മാര്‍പാപ്പ. പാപ്പയുടെ സ്‌നേഹാര്‍ദ്രമായ ശുശ്രൂഷ കണ്ട് പല തടവുപുള്ളികളും പൊട്ടിക്കരഞ്ഞു. റോമിലെ റെബിബിയ ജയിലിലെത്തിയ മാര്‍പാപ്പ വീല്‍ച്ചെയറില്‍ എത്തിയാണ് തടവുപുള്ളികളുടെ കാല്‍കഴുകിയത്..
ഇറ്റലി, ബള്‍ഗേറിയ, നൈജീരിയ, ഉക്രൈന്‍, റഷ്യ, പെറു, വെനസ്വേല, ബോസ്‌നിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 12 പേരുടെ കാലുകളാണ് കഴുകിയത്. കാലില്‍ വെള്ളമൊഴിച്ച് കഴുകിയ ശേഷം തൂവാലകള്‍കൊണ്ട് ആ വെള്ളം ഒപ്പിയെടുത്തശേഷം ഓരോ കാലും ചുംബിച്ചു് ശുശ്രൂഷ പൂര്‍ത്തിയാക്കി. തുടര്‍ന്ന് അവരെ നോക്കി പാപ്പ പുഞ്ചിരിച്ചു.
കര്‍ത്താവ് എപ്പോഴും തുറന്ന കരങ്ങളോടെ നമ്മെ കാത്തിരിക്കുന്നു എന്ന് തടവുകാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു വചന ഭാഗം വായിച്ചതിനു ശേഷം ക്രിസ്തു പകര്‍ന്ന സേവനത്തിന്റെ മാതൃക നമ്മില്‍ വളരാന്‍ നമുക്ക് കര്‍ത്താവിനോട് അപേക്ഷിക്കാം എന്ന് തടവുകാരോട് പാപ്പാ ആഹ്വാനം ചെയ്തു
യേശുക്രിസ്തു മരിക്കുന്നതിന് തലേദിനം രാത്രി ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മയിലാണ് പെസഹാ വ്യാഴാഴ്ച ലോകമെങ്ങുമുള്ള പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കുന്നത്.