കീവ് : യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി. യുക്രെയ്‌ന് യുഎസ് കൂടുതല്‍ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു. യുക്രെയ്ന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു സെലെന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്.
”അമേരിക്കയെ നഷ്ടപ്പെടുത്താന്‍ യുക്രെയ്ന്‍ ആഗ്രഹിക്കുന്നില്ല. ട്രംപുമായുള്ള തര്‍ക്കം ഇരുപക്ഷത്തിനും നല്ലതല്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്നു വാദിക്കുന്ന ട്രംപ്, റഷ്യയോടുള്ള യുക്രെയ്‌ന്റെ മനോഭാവം പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണം. മറ്റൊരു ആക്രമണം നടത്തില്ലെന്ന് ഉറപ്പു ലഭിക്കുന്നതുവരെ റഷ്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ല.” സെലെന്‍സ്‌കി പറഞ്ഞു.
വെള്ളിയാഴ്ച ഓവല്‍ ഓഫിസില്‍ യുഎസ് പ്രസിഡന്റും യുക്രെയ്ന്‍ പ്രസിഡന്റും തമ്മില്‍ നടന്ന ചര്‍ച്ച തര്‍ക്കത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞിരുന്നു. തുടര്‍ന്ന്, യുഎസ് ഇടപെടുകയാണെങ്കില്‍ സെലെന്‍സ്‌കി സമാധാനത്തിനു തയാറല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അപമാനിച്ചെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.