തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് എ.കെ.ആന്‍റണി. കേരളം ഭരണമാറ്റത്തിന് പാകമായെന്നും അതിനു മുൻപുള്ള സെമിഫൈനലാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. വഴക്കുണ്ടാക്കി നല്ല അന്തരീക്ഷം കളയരുതെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസ് കുടുംബസംഗമത്തിലായിരുന്നു ആന്റണിയുടെ പ്രതികരണം.
‘‘കേരളം ഭരണമാറ്റത്തിന് പാകമായിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ നിങ്ങൾ വഴക്കുണ്ടാക്കി അന്തരീക്ഷം നശിപ്പിക്കരുത്. സെമിഫൈനലുണ്ട്, അതാണ് തദ്ദേശ തിരഞ്ഞെടുപ്പ്. വിജയിക്കാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. 2026ൽ കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി വരും.’’– ആന്റണി പറഞ്ഞു.
കനത്ത മഴയ്ക്കിടയിലും ആശാവർക്കർമാർക്ക് സമരം ചെയ്യേണ്ട് വരുന്നതില്‍ സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി അവരെ വിളിച്ച് സംസാരിക്കണം. രണ്ടു മിനിറ്റ് സംസാരിക്കണം, അതിനുള്ള ദയ കാട്ടണം. സംസ്ഥാന സർക്കാർ കൊടുക്കേണ്ടത് ആദ്യം കൊടുക്കണം. കേന്ദ്രത്തിൽനിന്നു കിട്ടാനുള്ളതിന് വേണ്ടി ഒരുമിച്ച് പോരാടാം. സമരം ചെയ്യാനുള്ള അവകാശം സിഐടിയുവിന് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
മഴ കെട്ടിയ ടാർപ്പോളിൻ ഷീറ്റ് മാറ്റിയത് ക്രൂര നടപടിയാണ്. പൊലീസ് നടപടി മുകളിൽ നിന്നുള്ള നിർദേശ പ്രകാരമാണ്. മുഖ്യമന്ത്രി പിടിവാശി കാണിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് മാറ്റേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും ലഹരിക്കെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.