ന്യൂഡല്‍ഹി: അടുത്ത കുംഭമേള 2027-ല്‍ മഹാരാഷ്ട്രയിലെ നാസിക്കിലാണ് നടക്കുക. നാസിക് കുംഭമേള, ‘അര്‍ധകുംഭം’ ആണ്, 2027 ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 17 വരെ നാസിക്കില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള ഗോദാവരി നദിയുടെ തീരത്തുള്ള ത്രിംബകേശ്വരത്താണ് നടക്കുക. ഇക്കുറ് പ്രയാഗ്രാജിലെ മഹാകുംഭമേള ഫെബ്രുവരി 26-നാണ് സമാപിച്ചത്. 45 ദിവസത്തെ ഈ മഹാസംഗമത്തില്‍ 66 കോടിയിലധികം ഭക്തരാണ് പങ്കെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുചേരലുകളില്‍ ഒന്നായി ഇത് മാറി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാസിക്-ത്രിംബകേശ്വര്‍ സിംഹസ്ഥ കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായി ഒരു പ്രത്യേക അതോറിറ്റി രൂപീകരിച്ചു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും ആധുനിക ക്രൗഡ് മാനേജ്‌മെന്റ് സംവിധാനങ്ങളും ഉപയോഗിക്കും. പ്രയാഗ്രാജ് മഹാകുംഭമേളയില്‍ പങ്കെടുത്ത മഹാരാഷ്ട്ര പ്രതിനിധി സംഘം നല്‍കിയ വിവരങ്ങള്‍ നാസിക്കിലെ കുംഭമേളയുടെ ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണ സംവിധാനങ്ങള്‍, മൊത്തത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് എന്നിവ മെച്ചപ്പെടുത്താനായിരിക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കുക.
കുംഭമേളയുടെ ഉത്ഭവം പുരാതന ഋഗ്വേദത്തിലാണ് കാണാന്‍ സാധിക്കുക. ‘പാലാഴി മഥന’വുമായി ബന്ധപ്പെട്ട ഒരു പുരാണ കഥയുണ്ട്. 12 ദൈവിക ദിവസങ്ങള്‍ നീണ്ടുനിന്ന ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധത്തില്‍ അമൃതിന്റെ തുള്ളികള്‍ പ്രയാഗ്രാജ്, ഹരിദ്വാര്‍, നാസിക്, ഉജ്ജയിന്‍ എന്നിവിടങ്ങളില്‍ പതിച്ചുവെന്നാണ് വിശ്വാസം. ഈ സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ കുംഭമേള നടക്കുമെന്നും ഈ സ്ഥലങ്ങള്‍ ഹിന്ദു മതത്തിലെ ഏറ്റവും വിശുദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറുമെന്നും വിശ്വസിക്കപ്പെടുന്നു.
കുംഭമേള പലതരത്തിലുണ്ട്. നാല് വര്‍ഷം കൂടുമ്പോള്‍ കുംഭമേളയും, ആറ് വര്‍ഷം കൂടുമ്പോള്‍ അര്‍ദ്ധകുംഭമേളയും, 12 വര്‍ഷം കൂടുമ്പോള്‍ പൂര്‍ണ കുംഭമേളയും, 144 വര്‍ഷം കൂടുമ്പോള്‍ മഹാകുംഭമേളയും നടക്കുന്നു. ഈ വര്‍ഷം പ്രയാഗ്രാജില്‍ നടന്നത് 144 വര്‍ഷത്തിനു ശേഷം നടന്ന മഹാകുംഭമേളയാണ്.