കീവ്: യുക്രൈന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുത്ത് ഒരു ഒത്തു തീര്‍പ്പിനുമില്ലെന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. യുക്രൈനിലെ ധാതു വിഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ താന്‍ ഇപ്പോഴും തയാറാണ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ച് വാഷിംഗ്ടണില്‍ നിന്നും മടങ്ങിയത്ഒരു കരാറുമില്ലാതെയാണ്.
യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയാറാണ്. എന്നാല്‍ യുക്രൈന്റെ നിലപാട് കേള്‍ക്കണം എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് സെലന്‍സ്‌കി പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സെലന്‍സ്‌കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികള്‍ ഓര്‍ക്കണമെന്ന് യുക്രൈന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു.
യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലന്‍സ്‌കി പറഞ്ഞു. പക്ഷേ യുഎസും യുക്രൈനും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിച്ചു. റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രധാന ഭിന്നത.വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ക്ഷണിച്ചാല്‍ താന്‍ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെന്‍സ്‌കി പറഞ്ഞു.