പാലക്കാട് : വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് ക്യഷ്ണകുമാർ (52) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സംഗീത (47)യെ കോയമ്പത്തൂരിലെ താമസസ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് വീട്ടിലെത്തി പിതാവിന്റെ മുന്നിൽവച്ചു സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. സ്വകാര്യ സ്കൂൾ ജീവനക്കാരിയാണ് സംഗീത. രണ്ടു മക്കളുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് കൃഷ്ണകുമാർ എയർഗൺ ഉപയോഗിച്ചു സ്വയം വെടി വച്ചത്. പിന്നീടാണ് സംഗീതയെ മരിച്ച നിലയിൽ കണ്ടത്. മംഗലംഡാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണു സൂചന.വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാൽ കൃഷ്ണകുമാർ എയർഗൺ വാങ്ങി സൂക്ഷിച്ചിരുന്നു. പിതാവ് സുന്ദരത്തിന്റെ പേരിലായിരുന്നു തോക്കിന്റെ ലൈസൻസ്. ഈ എയർഗൺ ആണ് സംഗീതയെ കൊലപ്പെടുത്താനും സ്വയം മരിക്കാനും കൃഷ്ണകുമാർ ഉപയോഗിച്ചത്. സംഗീതയും കൃഷ്ണകുമാറും രണ്ടു പെൺമക്കളും കോയമ്പത്തൂരിലെ സുലൂരിലാണു താമസിച്ചിരുന്നത്. പിതാവ് രോഗബാധിതനായതോടെ കൃഷ്ണകുമാർ താമസം വണ്ടാഴിയിലേക്കു മാറ്റുകയായിരുന്നു. സംഗീത സുലൂരിലെ സ്വകാര്യ സ്കൂളിൽ ജീവനക്കാരിയാണ്. രണ്ടു പെൺമക്കളും കോയമ്പത്തൂരാണ് പഠിക്കുന്നത്.
സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്നു കൃഷ്ണകുമാർ നേരത്തേ ആരോപിച്ചിരുന്നു, ഇതിന്റെ പേരിൽ കലഹം പതിവായിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാർ വണ്ടാഴിയിലേക്കു താമസം മാറിയത്. ഇന്നു പുലർച്ചെ 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് കൃഷ്ണകുമാർ വണ്ടാഴിയിലെ വീട്ടിൽനിന്നു കോയമ്പത്തൂരിലെ സുലൂരിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 5.30നു വീടിനു സമീപത്തെത്തിയ കൃഷ്ണകുമാർ കുട്ടികൾ സ്കൂളിലേക്കുപോയശേഷം രാവിലെ ഏഴു മണിയോടെ വീട്ടിൽ കയറി. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് സംഗീതയെ വെടിവയ്ക്കുകയുമായിരുന്നു.