അയോധ്യ: പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്.ഐയുടെ സഹായത്തോടെ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ അബ്ദുല്‍ റഹ്‌മാന്‍ പദ്ധതിയിട്ടെന്ന് സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം തീവ്രവാദികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി അയോധ്യ മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികൃതര്‍ പറയുന്നത് ഇങ്ങനെ: നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് അബ്ദുല്‍ റഹ്‌മാന്‍. ഫൈസാബാദില്‍ ഇറച്ചിക്കട നടത്തുന്ന ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഹാന്‍ഡ് ഗ്രനേഡുകള്‍ ഉപയോഗിച്ച് രാമക്ഷേത്രത്തില്‍ ആക്രമണം നടത്തി വന്‍ നാശനഷ്ടം വരുത്താനായിരുന്നു അബ്ദുല്‍ റഹ്‌മാന്റെ പദ്ധതി. ഇതിനായി ഇയാള്‍ പലതവണ ക്ഷേത്രം നിരീക്ഷിക്കുകയും വിവരങ്ങള്‍ ഐഎസ്.ഐക്ക് കൈമാറുകയും ചെയ്തു.
ഫൈസാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഫരീദാബാദില്‍ എത്തിയ ഇയാള്‍ക്ക് ഹാന്‍ഡ് ഗ്രനേഡുകള്‍ കൈമാറുകയും തിരികെ അയോധ്യയിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് എടിഎസും ഫരീദാബാദ് എസ്ടിഎഫും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് അബ്ദുല്‍ റഹ്‌മാന്‍. ഇയാള്‍ ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
പാലിക്കടുത്തുള്ള ഒരു പഴയ വീട്ടില്‍ ഒളിപ്പിച്ച ആയുധങ്ങളെക്കുറിച്ച് ഇയാള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് എടിഎസും ഫരീദാബാദ് പൊലീസും സ്ഥലത്തെത്തി. ഗുജറാത്ത് എടിഎസ് സംഘം ഞായറാഴ്ച വൈകുന്നേരം പാലയിലെത്തി, ഫരീദാബാദ് പൊലീസും സ്ഥലത്തുണ്ടായിരുന്നു. നാല് മണിക്കൂറോളം നീണ്ട പരിശോധനയില്‍ രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍ കണ്ടെടുത്തു.