ദോഹ : ഗാസയിൽ ഹമാസിനു പകരം അറബ് , പാശ്ചാത്യ രാജ്യങ്ങൾക്ക് സ്വാധീനമുള്ള ഇടക്കാല ഭരണ സംവിധാനമൊരുക്കാൻ നീക്കം
ഈജിപ്ത് തയാറാക്കിയ ബദൽ പദ്ധതിയുടെ കരടിലാണ് ഹമാസിന് ഇടമില്ലാത്തത് . നിലവിലെ ഭരണകർത്താക്കളായ ഹമാസിനുപകരം അറബ്, പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രിക്കുന്ന ഇടക്കാല ഭരണസംവിധാനം ഗാസയിൽ കൊണ്ടുവരുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു പുറത്തു വിട്ട കരട് രേഖയിൽ വ്യക്തമാക്കുന്നു . രാജ്യാന്തര സേന സുരക്ഷ ഒരുക്കും. ഇന്നു കയ്റോയിൽ ചേരുന്ന അടിയന്തര അറബ് ഉച്ചകോടിയിൽ ഇത് അവതരിപ്പിക്കും. സൗദി അറേബ്യ, യുഎഇ, ജോർദാ തുടങ്ങിയ രാജ്യങ്ങൾ ഏതാനും ആഴ്ചകളായി ബദൽപദ്ധതിയുടെ ചർച്ചയിലായിരുന്നു.
എന്നാൽ യുദ്ധം അവസാനിച്ചതിനുശേഷമാണോ മുൻപേയാണോ ഭരണമാറ്റം നടപ്പിലാക്കുകയെന്നു കരട് രേഖയിൽ വ്യക്തമല്ല. പലസ്തീൻകാരെ ഒഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്ത് ഉല്ലാസകേന്ദ്രമാക്കി മാറ്റുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഒഴിപ്പിക്കുന്ന പലസ്തീൻകാരെ ജോർദാനും ഈജിപ്തും ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അറബ് രാജ്യങ്ങൾക്കു യോജിപ്പില്ലാത്ത സാഹചര്യത്തിലാണ് ബദൽ ആലോചിച്ചത്. എന്നാൽ ഗാസ പുനർനിർമാണത്തിൻ്റെ ചെലവ് ആരു വഹിക്കുമെന്ന് പറയുന്നില്ല.
ഗാസ സ്വന്തമാക്കാനുള്ള യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണിത്. ഗാസ ഏറ്റെടുത്ത് പൂന്തോട്ടം നിർമിക്കുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു.