വാഷിംഗ്ടൺ: കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരെ അമേരിക്ക നടപ്പാക്കുന്ന അധിക തീരുവ ചുമത്തൽ ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്താനാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. നിരോധിത മയക്കുമരുന്നുകള്‍ വന്‍തോതില്‍ അമേരിക്കയിലേക്ക് കടത്തപ്പെടുന്നു എന്നതാണ് കര്‍ശന നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ട്രംപ് പറയുന്നു. ഇത് നിയന്ത്രണത്തിലാകുന്നതുവരെ നിര്‍ദ്ദിഷ്ട താരിഫുകള്‍ തുടരും.
ഇറക്കുമതി നികുതി വര്‍ധിപ്പിച്ചാല്‍ പണപ്പെരുപ്പം കൂടുതല്‍ വഷളാകുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വാഹന മേഖലയും മറ്റ് ആഭ്യന്തര നിര്‍മ്മാതാക്കളും ഏറെ ബുദ്ധിമുട്ടേണ്ടിവരും. താരിഫ് വര്‍ദ്ധനവ് ആഗോള സമ്പദ്വ്യവസ്ഥയെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട് .
താരിഫ് ഭീഷണി ഓഹരി വിപണിയെ ഭയപ്പെടുത്തി, കഴിഞ്ഞ വ്യാഴാഴ്ച എസ് ആൻഡ് പി 500 സൂചിക 1.6 ശതമാനം ഇടിഞ്ഞു. അതേസമയം താരിഫ് വര്‍ധനയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ട്രംപ് തള്ളിക്കളഞ്ഞു. എന്നാൽ അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി തന്റെ രാജ്യം ഒരു ബില്യണിലധികം കനേഡിയന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. .