തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ എഡിറ്റോറിയില്‍ ബോര്‍ഡിനോട് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തരുത് എന്ന് സ്ഥാപനത്തിന്റെ ഉടമയും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ താക്കീത്. മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ പരിഹസിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത അവലോകന പരിപാടിയാണ് രാജീവ് ചന്ദ്രശേഖറിനേയും ബി.ജെ.പി അണികളേയും ചൊടിപ്പിച്ചത്.
എന്നാല്‍ കുംഭമേളയെ പരിഹസിച്ച ഏഷ്യാനെറ്റിനും എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനും താക്കീത് പോരാ, അവര്‍ മാപ്പു പറണമെന്നാണ് ഫേസ്ബുക്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കീഴെ ഹൈന്ദവ വികാരം വൃണപ്പെട്ടു എന്നവകാശപ്പെടുന്നവര്‍ ആവശ്യപ്പെടുന്നത്. സിന്ധു സൂര്യകുമാര്‍ മാപ്പു പറയുകയോ അവരെ പിരിച്ച് വിടുകയോ ചെയ്തില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും ഭീഷണികളുണ്ട്.
രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നാണ് അവര്‍ അറിയിച്ചത്. മഹാകുംഭമേളയില്‍ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളില്‍ എന്റെ കുടുംബവുമുണ്ടായിരുന്നു.
ഞാന്‍ ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും കേരളമുള്‍പ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഞങ്ങള്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നു.
സിന്ധു സൂര്യകുമാറിന്റെ വിവാദ വാക്കുകള്‍ ഇങ്ങനെ:
”ഇക്കുറി ഇങ്ങ് തെക്ക് കേരളത്തില്‍ നിന്ന് പോലും നൂറുകണക്കിനാളുകള്‍ ഗംഗാ സ്‌നാനം നടത്തിയിട്ടുണ്ട്. ഇത്രയും കാലം ഇല്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്പര്യവും കുംഭമേള സ്‌നാന തല്പരതയുമൊക്കെ സി.പി.എം ഭരിക്കുന്ന നാട്ടിലെ മലയാളികള്‍ക്കുമുണ്ടായി. കേരളസര്‍, നൂറ് ശതനാനം ലിറ്ററി സര്‍ എന്നൊക്കെ നമ്മള്‍ ഒരുഭാഗത്ത് പറയുമ്പോഴും കുഭമേളയും ബി.ജെ.പിയെ പ്രീതിപ്പെടുത്തലുമൊക്കെ ഒരുപാട് മലയാളികള്‍ക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്. നല്ല പരസ്യം നല്ല പി.ആര്‍ നല്ല ബിസിനസ് എല്ലാം ഒത്തുവന്നപ്പോള്‍ ഇങ്ങ് കേരളത്തിലും കുംഭമേള പ്രിയതരമായി. ഒന്നാലോചിച്ചു നോക്കൂ നമുക്കു ചുറ്റും ഒരു പത്തുപേരെങ്കിലും കുംഭമേള സ്‌നാനത്തിന് പോയിട്ടില്ലേ. അതാണ് അതിന്റെ ഇംപാക്ട്…” രൂക്ഷമായ വിമര്‍ശനങ്ങളാണ് അവതാരികക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.