കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഡിപ്ലോമാറ്റിക് ചാനല്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയായ മലപ്പുറം സ്വദേശി എന്‍ഐഎയുടെ പിടിയിലായി. കേസില്‍ 34-ാം പ്രതിയായ റംസാന്‍ പാറഞ്ചേരി എന്ന സാബു പുല്ലാര (40)യെ ആണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസെടുത്ത പിറകെ ഒളിവില്‍ പോയ ഇയാള്‍ യുഎഇയിലേക്ക് കടന്നു കളയുകയായിരുന്നു. എന്‍ഐഎ 2020ല്‍ എന്‍ഐഎ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്ന റംസാന്‍ പാറഞ്ചേരി എന്ന സാബു പുല്ലാര പിടിയിലായതോടെ നയതന്ത്ര ബാഗേജ് സ്വര്‍ണ കടത്തിന് പുതുജീവന്‍ കൈവരുകയാണ്.
2020ല്‍ യുഎഇയില്‍ നിന്ന് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണ്ണം അയച്ച കേസിലെ മുഖ്യ പ്രതിയാണ് സാബു പുല്ലാര. ഫെബ്രുവരി 20-ന് കേരളത്തിലെ വിമാനത്താവളങ്ങളിലൊന്നില്‍ അദ്ദേഹം എത്തി. 2020-ല്‍ എന്‍ഐഎ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇമിഗ്രേഷന്‍ വകുപ്പ് ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് എന്‍ഐഎ റംസാന്‍ പാറഞ്ചേരിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മാര്‍ച്ച് 1-ന് കൊച്ചി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ച സംഘത്തില്‍ റംസാന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. യുഎഇയില്‍ ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് സാബു പുല്ലാര അറസ്റ്റ് വഴിത്തിരിവാകും. സാബു പുല്ലാരയെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇയിലെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും അവരുടെ ഫണ്ടിംഗിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങളും എന്‍ഐഎക്ക് ലഭിക്കും.
കേസില്‍ ഏകദേശം 35 പ്രതികളാണുള്ളത്. ഇതുവരെ 25 ഓളം പേരെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം ജൂണ്‍ 30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ജൂലൈ 5 നാണ് അത് തുറക്കപ്പെടുന്നത്. 2019 നവംബര്‍ മുതല്‍ 21 തവണയായി ആകെ 166 കിലോഗ്രാം സ്വര്‍ണ്ണം നയതന്ത്ര ചാനല്‍ വഴി അയച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.