ന്യൂയോര്‍ക്ക്: യുഎസില്‍ 20-കാരിയായ ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം. സ്‌പോര്‍ട്‌സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയാണ് ജോഡി വാന്‍സ് മരിച്ചത്. മത്സരത്തിനിടെ കടുത്ത തോതിലുള്ള നിര്‍ജ്ജലീകരണം സംഭവിക്കുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഡോഡി വാന്‍സിന്റെ മരണമെന്നും സുന്ദരിയും മിടുക്കിയുമായ തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിയോഗത്തില്‍ ദു:ഖാര്‍ത്തരാണെന്നും കുടുംബം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഒഹിയോയിലെ കൊളംബസില്‍ നടന്ന അര്‍നോള്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിനിടെയാണ് ദാരുണ സംഭവമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളെ സഹായിക്കാനെത്തിയതായിരുന്നു ജോഡി. മത്സരം പുരോഗമിക്കുന്നതിനിടെ ക്ഷീണിതയായ ജോഡിക്ക് ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോഡിയുടെ പരിശീലകന്‍ ജസ്റ്റിന്‍ മിഹാലിയും ഈ മരണവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ജോഡിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും താന്‍ അറിയാതെ എന്തോ ചില അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും ജസ്റ്റിന്‍ വീഡിയോയില്‍ പറയുന്നു. പരിപാടിക്ക് വരുന്നതിന് മുമ്പ് ശാരീരികക്ഷമത കൂട്ടുന്നതിനായി ഉപയോഗിച്ച വസ്തുക്കള്‍ എന്തെങ്കിലുമാകാം ഹൃദയാഘാതത്തിന് കാരണമായതെന്നും ജസ്റ്റിന്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജോഡി ബോഡിബില്‍ഡിങ് പരിശീലനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 2014-ല്‍ എന്‍.പി.സി ബാറ്റില്‍ ഓഫ് ടെക്‌സാസില്‍ നടന്ന വിമന്‍ ഫിസിക് ഡിവിഷനില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.