കോട്ടയം: മാര്‍ക്കോ സിനിമയിലെ വയലന്‍സിനെതിരേ രൂക്ഷമായി പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. സിനിമയുടെ സാറ്റലൈറ്റ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനം വൈകി വന്ന വിവേകമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കുറ്റപ്പെടുത്തി. ഓര്‍ത്തഡോക്‌സ് സഭ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് കാതോലിക്കാ ബാവയുടെ പ്രതികരണം.
ചിത്രം ഭൂരിപക്ഷം പേരും കണ്ടുകഴിഞ്ഞു. തീയറ്ററിലെ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലുമെത്തി. ടിവിയിലൂടെയും മൊബൈല്‍ സ്‌ക്രീനിലൂടെയും ബഹു ഭൂരിപക്ഷവും സിനിമ കണ്ടുകഴിഞ്ഞു. സിനിമയുടെ റിലീസിന് മുന്‍പ് കര്‍ശന നിലപാട് സ്വീകരിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ വയലന്‍സ് രംഗങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. തക്ക സമയത്ത് ഇടപെടല്‍ നടത്താതെ ഇപ്പോള്‍ നിലപാടെടുക്കുന്നതില്‍ എന്ത് പ്രസക്തിയെന്നും കാതോലിക്കാ ബാവാ ചോദിച്ചു.
വിപണിയില്‍ വിഷം വില്‍ക്കാന്‍ അനുമതി നല്‍കിയ ശേഷം വില്‍പ്പനക്കാരനെതിരേ കേസെടുക്കുന്നതു പോലെ മാത്രമേ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ കാണാനാകൂ എന്ന് കാതോലിക്കാ ബാവാ വിമര്‍ശിച്ചു. അമിതമായ വയലന്‍സ് നിറഞ്ഞതെന്ന് ആരോപിക്കപ്പെടുന്ന മാര്‍ക്കോയ്ക്ക് എതിരേ വലിയ വിമര്‍ശനമാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
കഴിഞ്ഞ ദിവസമാണ്, മാര്‍ക്കോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തടഞ്ഞത്. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത തരത്തില്‍ വയലന്‍സ് സിനിമയില്‍ ഉണ്ടെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വിലയിരുത്തല്‍. ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച ആക്ഷന്‍ ത്രില്ലര്‍ സിനിമയായ മാര്‍ക്കോ തീയറ്ററുകളില്‍ നിന്ന് 150 കോടിയോളം കളക്ഷന്‍ നേടിയിരുന്നു.
പിന്നീടാണ് കുട്ടികളെയും യുവാക്കളെയും സിനിമയിലെ വയലന്‍സ് സ്വാധീക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നത്. ടിവിയില്‍ ഇനി സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കണമെങ്കില്‍ വയലന്‍സ് ഉള്ള ഭാഗം നീക്കം ചെയ്യണമെന്ന് സിബിഎഫ്സി നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം സീനുകള്‍ വെട്ടിമാറ്റി നിര്‍മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.
മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് നിര്‍മാതാവ് ഷെരീഫ് മുഹമ്മദും വ്യക്തമാക്കി. മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷെരിഫ് മുഹമ്മദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നിര്‍മാതാവിന്റെ പ്രതികരണം.