വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അക്കാദമി ഫോര്‍ ലൈഫ് നല്‍കുന്ന വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്. 2025-ലെ ”ഗാര്‍ഡിയന്‍ ഓഫ് ലൈഫ്” അവാര്‍ഡിന് സിസ്റ്റര്‍ ഗ്യൂസ്റ്റിന ഓള്‍ഹ ഹോളുബെറ്റ്‌സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആയുസിനെ പരിമിതപ്പെടുത്തുന്നതോ ജീവനു ഭീഷണി ഉള്ളതോ ആയ അവസ്ഥയുണ്ടെന്ന് രോഗനിര്‍ണയം നടത്തുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പരിചരണ പരിപാടിയായ പെരിനാറ്റല്‍ ഹോസ്പിസില്‍ സിസ്റ്റര്‍ നടത്തിയ അതുല്യ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഇന്നലെ മാര്‍ച്ച് 3-ന് വത്തിക്കാനില്‍ നടന്ന പത്രസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍സോ പഗ്ലിയ, സിസ്റ്റര്‍ ഗ്യൂസ്റ്റിന ഓള്‍ഹ ഹോളുബെറ്റ്‌സിനു അവാര്‍ഡ് സമ്മാനിച്ചു. സിസ്റ്റര്‍ സെര്‍വന്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ഗ്യൂസ്റ്റിന ബയോഎത്തിസിസ്റ്റ്, ബയോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, യുക്രൈനിലെ പെരിനാറ്റല്‍ ഹോസ്പിസ് ഇംപ്രിന്റ് ഓഫ് ലൈഫ്” യുടെ പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധയാകര്‍ഷിച്ച വ്യക്തി കൂടിയാണ്. ”കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി” അവാര്‍ഡ് ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ ഹോളുബെറ്റ്‌സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ തന്നെ ഗുരുതരമായ രോഗനിര്‍ണയങ്ങള്‍ നേരിടുന്ന മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനുമായി 2017-ല്‍ യുക്രൈനിലെ ലിവിവില്‍ ”പെരിനാറ്റല്‍ ഹോസ്പിസ് ഇംപ്രിന്റ് ഓഫ് ലൈഫ്” സ്ഥാപിതമായത്. പ്രസവത്തിനു മുന്‍പ് രോഗനിര്‍ണയം നടത്തുമ്പോള്‍ അവ പലരെയും ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുന്നുണ്ടെന്നും മനശാസ്ത്രജ്ഞ കൂടിയായ സിസ്റ്റര്‍ പറയുന്നു. മനുഷ്യ ജീവന്റെ സംരക്ഷണത്തിനും ഉന്നമനത്തിനും പിന്തുണ നല്‍കുന്ന സ്വകാര്യ, പ്രൊഫഷണല്‍ ജീവിതത്തില്‍ വ്യത്യസ്തരായ ആളുകള്‍ക്കു പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് നല്‍കുന്ന പുരസ്‌ക്കാരമാണ് ”ഗാര്‍ഡിയന്‍ ഓഫ് ലൈഫ്” അവാര്‍ഡ്.