കൊളറാഡോ : പ്രമുഖ സാഹസിക സഞ്ചാരിയും യൂട്യൂബറുമായ ആന്‍ഡ്രൂ ക്രോസ് (36) കൊല്ലപ്പെട്ടു. കാറപകടത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആന്‍ഡ്രൂ ജീവന്‍നിലനിര്‍ത്തിയിരുന്നത്. യൂട്യൂബില്‍ അരലക്ഷത്തിലധികം ആരാധകരുള്ള ‘ഡെസേര്‍ട്ട് ഡ്രിഫ്റ്റര്‍’ എന്ന ചാനലിലൂടെയാണ് ആന്‍ഡ്രൂ ശ്രദ്ധ നേടിയത്.
വെര്‍ജീനിയയില്‍ ജനിച്ച ആന്‍ഡ്രൂ സാഹസിക യാത്രകളെ ഇഷ്ടപ്പെട്ടിരുന്നു. ജനുവരി 31ന് ആന്‍ഡ്രൂവിന്റെ നിര്‍ത്തിയിട്ടിരുന്ന കാറിനെ പിന്നില്‍ നിന്ന് അതിവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗുരുതരമായ മസ്തിഷ്ക ക്ഷതം ആന്‍ഡ്രൂവിന് സംഭവിച്ചിരുന്നു. കൊളറാഡോയിലെ മെസ കൗണ്ടി കോറോണര്‍ ഓഫിസ് ആന്‍ഡ്രൂവിന്റെ മരണം അപകടത്തില്‍ സംഭവിച്ച പരുക്കുകള്‍ മൂലമാണെന്ന് സ്ഥിരീകരിച്ചു.
അപകടത്തിന് കാരണമായ കാര്‍ ഓടിച്ചിരുന്ന റാഗ്നര്‍ നിക്കോളാസ് ക്രിസ്റ്റലിനെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിനും മദ്യലഹരിയില്‍ വാഹനം ഓടിച്ചതിനും നരഹത്യയ്ക്കും കേസ് എടുത്തിട്ടുണ്ട്. സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റായ എവ്ലിനാണ് ആന്‍ഡ്രൂവിന്റെ ഭാര്യ.