വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ വെച്ച് ഉടക്കിപ്പിരിഞ്ഞ അമേരിക്ക- യുക്രൈൻ ചർച്ച പുനരാരംഭിക്കുന്നു. ചർച്ചയ്ക്ക് വേദിയാവുക സൗദി അറേബ്യ തന്നെയെന്ന് ഉറപ്പായി. അടുത്തയാഴ്ച്ച ജിദ്ദയിലാകും ചർച്ച നടക്കുക. ചർച്ചയ്ക്കായി യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി തിങ്കളാഴ്ച്ച സൗദിയിലെത്തും. സെലൻസ് കിയും ഡോണൾഡ് ട്രംപുമായുള്ള തർക്കങ്ങൾക്കും നാടകീയതകൾക്കും ശേഷമുള്ള തുടർ ചർച്ചകൾ ലോകം ഉറ്റുനോക്കുകയാണ്.
റഷ്യ – അമേരിക്ക ചർച്ചകളുടെ തുടർച്ചയെന്നത് മാത്രമല്ല. ഓവൽ ഓഫീസിലെ ചൂടേറിയ വാക്ക് തർക്കത്തിന് ശേഷമുള്ള നിർണായക അമേരിക്ക- യുക്രൈൻ ചർച്ച കൂടിയാണിത്. യുക്രൈനുമായി ഇപ്പോഴെത്തി നിൽക്കുന്ന അമേരിക്കയുടെ ബന്ധം, കരാറുകൾ, സൈനിക സഹായം, സാമ്പത്തിക സഹായം, ധാതു ഖനന ധാരണ എന്നിവ ചർച്ചയായേക്കും.
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നത് കൂടിയാകും ചർച്ച. സൗദി അറേബ്യ ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങിയതിനെ സ്വാഗതം ചെയ്തു. തിങ്കളാഴ്ച്ച വ്ലോദിമിർ സെലൻസ്കി സൗദിയിലെത്തും. റഷ്യ – അമേരിക്ക മുൻ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ സൗദി സെലൻസ്കിയെ അറിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിൽ നിന്നുള്ള പ്രഖ്യാപനം പ്രാധാന്യമുള്ളതായിരിക്കും.