ന്യൂയോർക്ക് : യുഎസിൽ സ്ഥിരതാമസത്തിനും ജോലിക്കും ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നേക്കാം. ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കാനാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള നിർദേശം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് സമർപ്പിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ഔദ്യോഗിക ഭാഷ്യം. ഈ തീരുമാനം നടപ്പിലാക്കുന്നതിനു മുൻപായി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ അറിയിക്കാം. ഇതിനായി മേയ് അഞ്ചുവരെ സമയം നൽകിയിട്ടുണ്ട്. എന്നാൽ തീരുമാനം ഇന്ത്യയിൽ നിന്നും മറ്റും യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ പ്രതികൂലമായി ബാധിച്ചേക്കും.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി ഗ്രീൻ കാർഡിനുള്ള നിബന്ധനയും കർശനമാക്കുമെന്നാണ് വിവരം. ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സമൂഹമാധ്യമത്തിലെ പോസ്റ്റുകളിൽ ജാഗ്രത പാലിക്കണം. മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുള്ള വിവാദപരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മാത്രമല്ല, സുപ്രധാനമായ മറ്റൊരു കാര്യം ഇനി മുതൽ സമൂഹമാധ്യമത്തിലെ വിവരങ്ങൾ ഗ്രീൻ കാർഡിന് നൽകുന്ന അപേക്ഷകളിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം. അല്ലാത്തപക്ഷം ചിലപ്പോൾ അപേക്ഷ നിരസിക്കുന്നതിന് ഇത് കാരണമാകും. പൗരത്വം, അഭയം, ഗ്രീൻ കാർഡുകൾ എന്നിവയ്ക്കുള്ള അപേക്ഷാ ഫോമിൽ അപേക്ഷകൻ നൽകുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കു പുറമെ മറ്റ് അക്കൗണ്ടുകൾ ഉണ്ടോയെന്നും പരിശോധിച്ചേക്കും. അതിനാൽ കൃത്യമായ വിവരങ്ങൾ അപേക്ഷാ ഫോമിൽ സമർപ്പിക്കണം.