വാഷിംങ്ടണ്‍: കൊളംബിയ യൂണിവേഴ്‌സിറ്റിക്കുള്ള 400 മില്യണ്‍ ഡോളര്‍ പിന്‍വലിക്കുകയാണെന്ന് ട്രംപ് ഭരണകൂടം. കാമ്പസിലെ യഹൂദവിരുദ്ധത അടിച്ചമര്‍ത്തുന്നതില്‍ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയത്.
ന്യൂയോര്‍ക്ക് സിറ്റി യൂനിവേഴ്‌സിറ്റിയുമായുള്ള 51 ദശലക്ഷം ഡോളറിന്റെ കരാറുകളില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്താനും 500 കോടി ഡോളറിലധികം ഫെഡറല്‍ ഗ്രാന്റുകള്‍ക്കുള്ള അതിന്റെ യോഗ്യത പുനഃപരിശോധിക്കാനും ഫെഡറല്‍ ഏജന്‍സികള്‍ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്കകമാണ് സര്‍വകലാശാല?ക്ക് നോട്ടീസ് ലഭിച്ചത്.
‘ഫെഡറല്‍ ഫണ്ടിങ് ലഭിക്കണമെങ്കില്‍ സര്‍വകലാശാലകള്‍ എല്ലാ ഫെഡറല്‍ വിവേചന വിരുദ്ധ നിയമങ്ങളും പാലിക്കണം. വളരെക്കാലമായി, കൊളംബിയ അതിന്റെ കാമ്പസില്‍ പഠിക്കുന്ന യഹൂദ വിദ്യാര്‍ത്ഥികളോടുള്ള ആ ബാധ്യത ഉപേക്ഷിച്ചിരിക്കുകയാണെ’ന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഇടക്കാല പ്രസിഡന്റ് കത്രീന ആംസ്‌ട്രോങ്ങുമായി ഒരു ഫലപ്രദമായ മീറ്റിങ് നടത്തിയെന്നും എല്ലാ വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പിന്നീട് ‘എക്‌സി’ല്‍ പോസ്റ്റ് ചെയ്തു. ഫണ്ട് തിരികെ ലഭിക്കുന്നതിനായി സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൊളംബിയയും പറഞ്ഞു.
‘കൊളംബിയയുടെ നിയമപരമായ ബാധ്യതകളെ ഞങ്ങള്‍ ഗൗരവമായി കാണുന്നു. ഈ പ്രഖ്യാപനം എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കൂടാതെ യഹൂദവിരുദ്ധതയെ ചെറുക്കുന്നതിനും ഞങ്ങളുടെ വിദ്യാര്‍ഥികളുടെയും ഫാക്കല്‍റ്റിയുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.
ഫണ്ട് റദ്ദാക്കല്‍ കൊളംബിയയില്‍ ഏതൊക്കെ ഗവേഷണങ്ങളെയും പദ്ധതികളെയും ബാധിക്കുമെന്ന് വ്യക്തമല്ല. ന്യൂയോര്‍ക്ക് സിവില്‍ ലിബര്‍ട്ടീസ് യൂനിയന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോണ ലീബര്‍മാന്‍ ഈ നീക്കത്തെ ഭരണഘടനാ വിരുദ്ധമായ സര്‍ക്കാര്‍ ശ്രമമാണെന്ന് വിശേഷിപ്പിച്ചു.