കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ എം.വി. ഗോവിന്ദന് നേതൃപദവിയിൽ തുടർച്ച നൽകി കൊല്ലം സംസ്ഥാന സമ്മേളനം. സെക്രട്ടറി സ്ഥാനത്തേക്ക് എം.വി. ഗോവിന്ദൻ അല്ലാതെ മറ്റൊരു പേര് നിലവിൽ പാർട്ടിയുടെ മുന്നിലില്ല.
അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2022 ആഗസ്റ്റ് 28നാണ് എം.വി. ഗോവിന്ദൻ പാർട്ടി നേതൃത്വം ഏറ്റെടുത്തത്. തദ്ദേശസ്വയംഭരണ മന്ത്രിസ്ഥാനം രാജിവെച്ചായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്കുള്ള എം.വി. ഗോവിന്ദന്‍റെ പ്രവേശനം.
പിണറായി വിജയൻ നയിക്കുന്ന സി.പി.എം കേരള ഘടകത്തിൽ രണ്ടാമനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിയുടെ വിയോഗത്തോടെ ഒഴിവുവന്ന പോളിറ്റ് ബ്യൂറോ അംഗത്വവും എം.വി. ഗോവിന്ദനാണ് ലഭിച്ചത്.
കണ്ണൂർ ജില്ലയിലെ മൊറാഴയിൽ ജനിച്ച എം.വി. ഗോവിന്ദൻ കെ.എസ്.വൈ.എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ എത്തിയത്. ഡി.വൈ.എഫ്.ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, സി.പി.എം കാസർകോട് ഏരിയ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ദേശാഭിമാനിയുടെയും മാർക്സിസ്റ്റ് സംവാദത്തിന്‍റെയും ചീഫ് എഡിറ്ററായിരുന്നു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്‍റ്, കർഷകത്തൊഴിലാളി മാസികയുടെ ചീഫ് എഡിറ്റർ എന്നീ പദവികൾ വഹിച്ചു. അടിയന്തരാവസ്ഥ കാലത്ത് നാലുമാസം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ നിന്ന് മൂന്നു തവണ എം.എൽ.എയും 2021ലെ പിണറായി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്നു.
സ്വത്വരാഷ്ട്രീയത്തെപ്പറ്റി (എഡിറ്റർ), വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിന്‍റെ ചരിത്രം: ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷകത്തൊഴിലാളി യൂണിയൻ: ചരിത്രവും വർത്തമാനവും, മാർക്സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നിവയാണ് എം.വി. ഗോവിന്ദന്‍റെ പ്രധാന രചനകൾ.
ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ശ്യാമളയാണ് ഭാര്യ. മക്കൾ: ജി.എസ്. ശ്യാംജിത്, ജി.എസ്. രംഗീത്.
സിപിഎം സംസ്ഥാന സമിതിയിൽ 15 പുതുമുഖങ്ങൾ. മന്ത്രി വീണാ ജോർജ് പ്രത്യേക ക്ഷണിതാവാകും. ഡി.കെ. മുരളി എംഎൽഎ (തിരുവന്തപുരം), എസ്. ജയമോഹൻ (കൊല്ലം), കെ. പ്രസാദ് (ആലപ്പുഴ), വി.കെ.സനോജ് (കണ്ണൂർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി), വി. വസീഫ് (കോഴിക്കോട്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്), കെ. ശാന്തകുമാരി എംഎൽഎ (പാലക്കാട്), എം. രാജഗോപാൽ (കാസർകോട്), എം. പ്രകാശൻ (കണ്ണൂർ), എം. അനിൽകുമാർ (എറണാകുളം), കെ. റഫീഖ് (വയനാട്), പി.പി. അനിൽ (മലപ്പുറം) , വി.കെ. അബ്ദുൽ ഖാദർ (തൃശൂർ), എം. മെഹബൂബ് (കോഴിക്കോട്) ജോൺ ബ്രിട്ടാസ് എംപി എന്നിവരാണ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ.