വാഷിങ്ടൺ: യു.എസിലെ ഫാർമ ഇറക്കുമതികളിൽ വർധിപ്പിച്ച താരിഫ് ഇന്ത്യൻ മരുന്ന് നിർമാതാക്കളെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഉയർന്ന ഉൽപാദനച്ചെലവിന് കാരണമാകുമെന്നതിനാലാണിത്. ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുമായുള്ള കയറ്റുമതിയിലെ മത്സരക്ഷമതയും കുറക്കും. നേരിയ മാർജിനിൽ പ്രവർത്തിക്കുന്ന ചെറുകിട മരുന്ന് സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദം നേരിടേണ്ടിവരും. ഇത് അവയെ അടച്ചുപൂട്ടലിന് നിർബന്ധിക്കുമെന്നും സൂചനകളുണ്ട്.
ഇന്ത്യയെ വളരെ ഉയർന്ന താരിഫ് രാഷ്ട്രമായി വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ലെവി ചുമത്തുന്ന രാജ്യങ്ങൾക്ക് പരസ്പര താരിഫ് ഏപ്രിൽ 2 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കൻ മരുന്നുകൾക്ക് ഇന്ത്യ ഏകദേശം 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. അതേസമയം, യു.എസ് ഇന്ത്യൻ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഈടാക്കുന്നില്ല.
യു.എസിന്റെ സമീപകാല ചരിത്രത്തിൽ, ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഔഷധ ഉൽപ്പന്നങ്ങളുടെ മൊത്തം ഇറക്കുമതിയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഔഷധ ഇറക്കുമതിക്ക് ഗണ്യമായ താരിഫ് ചുമത്താൻ യു.എസ് തീരുമാനിച്ചാൽ, അതിന്റെ ആഘാതം ഇന്ത്യൻ ഔഷധ മേഖലയിലുടനീളം ശ്രദ്ധേയമായ അലയൊലികൾ സൃഷ്ടിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ ഔഷധ കമ്പനികൾ യു.എസുകാർക്ക് ഗണ്യമായ അളവിൽ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. 2022 ൽ യു.എസിലെ കുറിപ്പടികളിൽ പത്തിൽ നാലെണ്ണത്തിലെയും മരുന്നുകൾ ഇന്ത്യൻ കമ്പനികളാണ് വിതരണം ചെയ്യുന്നത്.