എ.എസ് ശ്രീകുമാര്‍
‘സ്ത്രീകളുടെ ശബരിമല’യായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തജനലക്ഷങ്ങള്‍ നാളെ ( മാര്‍ച്ച് 13 വ്യാഴം) ആറ്റുകാല്‍ ഭഗവതിക്ക് പൊങ്കാല അര്‍പ്പിക്കും. രാവിലെ 9:45-ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 10:15-നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15-ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിമുതല്‍ ഗതാഗത നിയന്ത്രണം പ്രാബല്യത്തിലായി. വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാര്‍ക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി.
പൊങ്കാല ദിവസം 4500 പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഷാഡോ, മഫ്തി പോലീസുകാരെയും വനിതാ പോലീസുകാരെയും വിന്യസിക്കും. കന്യാകുമാരിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും നിരീക്ഷണം നടത്താനായി നൂറോളം സി.സി.ടി.വി കാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ മേഖലകളിലും പോലീസ് സിസിടിവി കാമറകളിലൂടെ നിരീക്ഷണം നടത്തും. കൂടാതെ, നഗരത്തെ ആറ് പ്രത്യേക മേഖലകളായി തിരിച്ചു ഡ്രോണ്‍ നിരീക്ഷണവും നടത്തും.
തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു.
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും. പൊങ്കാല സമയത്ത് ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം നാല് കിലോ മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്.
ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിക്കാന്‍ പാടൂള്ളൂ എന്നായിട്ടുണ്ട്).
പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ്.
ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര അടുപ്പില്‍ (രാജാവിന്റെ പ്രതീകം) തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
ഇത്രയുമധികം സ്ത്രീകള്‍ ജാതിമത ഭേദമില്ലാതെ ഒരുമിച്ച് പങ്കെടുക്കുന്ന ഉത്സവം ലോകത്ത് തന്നെ വേറെയില്ല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഓരോ തവണയും ലക്ഷക്കണക്കിന് ഭക്തകളാണ് പൊങ്കാല അര്‍ച്ചിക്കുന്നത്. പൊങ്കാലയുടെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ത്രീകള്‍ ക്ഷേത്രപരിസരത്ത് സ്ഥാനം പിടിക്കുന്നു. പൊങ്കാലയിടുന്നതിനാവശ്യമായ അടുപ്പും മറ്റും ഭക്തകള്‍ തന്നെ തയാറാക്കും. പൊങ്കാല ദിവസമാകുമ്പോള്‍ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്ററോളം ചുറ്റളവില്‍ അടുപ്പുകള്‍ നിരന്നുകഴിയും. വീട്ടുമുറ്റങ്ങളും പൊതുവഴികളുമെല്ലാം പൊങ്കാലയടുപ്പുകള്‍ കൈയടക്കും.
പൊങ്കാല ദിവസം രാവിലെ ശ്രീകോവിലിനുള്ളിലെ നിലവിളക്കില്‍ നിന്നും തന്ത്രി തെളിച്ച നാളം അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുകയായി. ലക്ഷക്കണക്കിന് ഭക്തകള്‍ ആറ്റുകാലമ്മേ എന്ന് ശരണം വിളിക്കുകയായി. ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ അടുപ്പുകളില്‍ അി പടരുന്നു. എല്ലാം ദേവിക്ക് സമര്‍പ്പിക്കുന്ന ഭക്തകളുടെ ഞാനെന്ന ഭാവം ഇല്ലാതാകുന്നതു പോലെ പുക ഉയരുന്നു. പൊങ്കാലയുണ്ടാക്കുന്ന കലം നശ്വരമായ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. പൊങ്കാലയര്‍പ്പിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം ആറ്റുകാലമ്മയുമുണ്ടെന്നാണ് വിശ്വാസം.
ആറ്റുകാല്‍ പൊങ്കാലയുടെ ഭക്തി നിറവിലാണിപ്പോള്‍ സ്ത്രീകള്‍. തെളിഞ്ഞ മനസോടെയും ഭക്തിയോടെയും സമര്‍പ്പിക്കേണ്ട വഴിപാടാണ് പൊങ്കാല. ദേവിക്കുള്ള ആത്മസമര്‍പ്പണമാണ് പൊങ്കാല. പൊങ്കാല അര്‍പ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പാണ്. തിളച്ചു മറിയുക എന്നാണ് പൊങ്കാല എന്ന വാക്കിനര്‍ത്ഥം. തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമര്‍പ്പണം പൂര്‍ണമാവുക. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനു ഓരോ ഫലങ്ങളാണ്. കിഴക്കോട്ടു തിളച്ചു തൂവുന്നതാണ് ഏറ്റവും ഉത്തമം. കിഴക്കോട്ടു തൂകിയാല്‍ ആഗ്രഹിച്ചകാര്യം ഉടന്‍ നടക്കും. വടക്കോട്ടായാല്‍ കാര്യങ്ങള്‍ നടക്കാന്‍ അല്‍പം താമസം വരും. പടിഞ്ഞാറുഭാഗത്തേക്കാണെങ്കില്‍ ആഗ്രഹ സാഫല്യത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. തെക്കോട്ടായാല്‍ ദുരിതവും ക്ലേശങ്ങളും മാറിയിട്ടില്ലാ എന്നാണ് അര്‍ഥം.
ദുരിത ശാന്തിക്കായി ദേവീഭജനം, നവഗ്രഹപ്രീതി, അവനവനാല്‍ കഴിയുന്ന വഴിപാടുകള്‍ എന്നിവ ഭക്തിപൂര്‍വ്വം അനുഷ്ഠിക്കുക. പ്രധാന വഴിപാടായ പൊങ്കാല പായസത്തിന്റെ കൂടെ വെള്ളനിവേദ്യം, തെരളി, മണ്ടപ്പുട്ട് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്. അഭീഷ്ടസിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം. ധനധാന്യസമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട. വിട്ടുമാറാത്ത തലവേദനയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട്.
“അമ്മേ ശരണം…ദേവീ…ശരണം…”