തിരുവനന്തപുരം: രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹികമാറ്റത്തിന് ഉത്തേജനം പകര്‍ന്ന ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദര്‍ശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൊഴിയും വഴിയും – ആശയ സാഗര സംഗമം സെമിനാറിന്റെ ഉദ്ഘാടനം തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം സത്യന്‍ സ്മാരക ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മനുഷ്യരിലേക്ക് ഇറങ്ങി ചെന്നവരാണ് ഇരുവരും.മാനവ നന്മയായിരുന്നു ഗുരുവിന്റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതല്‍.ആരോടും കലഹിക്കാതെയും മനുഷ്യനെ പ്രയാസങ്ങളില്‍നിന്നു കരയറ്റിയും ഇരുവരും സമൂഹത്തില്‍ വിപ്ലവം തീര്‍ത്തു. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ശ്രീനാരായണ ഗുരു തിരി കൊളുത്തി. ഗുരുവും അയങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നിലുണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ വ്യത്യസ്തമായ ആശയങ്ങളെ ഒരുമിച്ച് കൊണ്ടുപോയി ദേശീയപ്രസ്ഥാനത്തില്‍ ലയിപ്പിച്ചത് ഗാന്ധിജിയാണ്. എല്ലാ മതങ്ങളേയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. മതേതരത്വത്തിന് പുതിയ ഭാഷ്യം ചമച്ചു.ഒരു മതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ സഹോദര മതത്തിനെതിരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ അതിനെ പ്രതിരോധിക്കുമ്പോഴാണ് രാജ്യത്തിന്റെ മതേതരത്വം അര്‍ത്ഥ പൂര്‍ണ്ണമാകുന്നതെന്നാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണമെന്നും സതീശന്‍ പറഞ്ഞു.
ഗുരുവും ഗാന്ധിയും തമ്മിലൂള്ള കൂടിക്കാഴ്ചക്കിടെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കേരളീയ സമൂഹത്തിന് ശക്തി പകര്‍ന്ന ചരിത്രസംഭവമാണെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നത്തല പറഞ്ഞു. ഗുരുവും ഗാന്ധിജിയും അഹിംസയുടെ ഉപാസകരായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രം വിസ്മരിക്കാനുള്ള പ്രവണത കേരളത്തിലും വര്‍ധിക്കുന്നുവെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.സനാതന മൂല്യങ്ങളില്‍ ഗാന്ധിജി വിശ്വസിച്ചിരുന്നു. എന്നാല്‍ സംഘപരിവാറിന് സനാതന ധര്‍മ്മവുമായി ഒരു ബന്ധവുമില്ല. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടിയാണ് ഗുരുവും ഗാന്ധിജിയും പ്രവര്‍ത്തിച്ചത്. അധികാരം ഒരിക്കലും ഗാന്ധിജിയെ ആകര്‍ഷിച്ചിട്ടില്ല. ഇന്ന് നമ്മുടെ സമൂഹത്തിന് മനോരോഗം പിടിപ്പെട്ടു. ബന്ധങ്ങള്‍ മറന്ന് പരസ്പരം കൊല്ലുന്നു. ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തവരുന്നത്. രാഷ്ട്രീയം അപചയത്തിന്റെ വക്കിലാണ്. നീതിബോധമുള്ള ചെറുപ്പക്കാരെ അക്രമകാരികളായും ലഹരിക്ക് അടിമകളായും മുദ്രകുത്തുന്നത് രാഷ്ട്രീയത്തിലെ അപചയമാണെന്നും എന്നാലത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു
ഗാന്ധിയെക്കാള്‍ വലിയയാള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലാണെന്ന രാഷ്ട്രീയം ഇപ്പോള്‍ ഉയരുന്നുണ്ടെന്നും അത് അപകടകരമായ രാഷ്ട്രീയമാണെന്നും മുന്‍ മന്ത്രി സി.ദിവാകരന്‍ പറഞ്ഞു. കേരള ജനത ഗുരുദേവനോട് നീതി പുലര്‍ത്തിയുണ്ടോ? ഗുരുവിന്റെ ആദര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പോലും പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ? കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് മദ്യം ഇപ്പോള്‍ പ്രധാന അജണ്ടയായി മാറി. ബ്രുവറിയെക്കുറിച്ചാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ക്യൂവില്‍ നില്ക്കുന്ന അവസാനത്തെ ആളിനും മദ്യം നല്കണമെന്നാണ് പുതിയ നിര്‍ദേശം. ലഹരിക്കടിമപ്പെട്ട തലമുറയെ തിരിച്ച് കൊണ്ടുവരണമെന്നും സി.ദിവാകരന്‍ പറഞ്ഞു.
ഗാന്ധിജി മദ്യവര്‍ജനത്തെ മഹാപ്രസ്ഥാനമാക്കുകയും അതു കോണ്‍ഗ്രസിന്റെ കര്‍മപരിപാടിയിക്കി മാറ്റുകയും ചെയ്‌തെന്ന് വിഎം സുധീരന്‍ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു സ്വാഗതവും ഡിസിസി പ്രസിഡന്റ് പാലോട് രവി നന്ദിയും പറഞ്ഞു.
പ്രൊഫ.ജി.ബാലചന്ദ്രന്‍,ബി.എസ്.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.