വാഷിങ്ടണ്‍: ഗസ്സയില്‍ നിന്നുള്ള ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ഒരു പദ്ധതിയും തങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ലെന്ന് സൊമാലിയയും സൊമാലിലാന്‍ഡും. യു.എസില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. യു.എസും ഇസ്രായേലും അത്തരമൊരു പദ്ധതി മുന്നോട്ടുവെച്ചാല്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി മോഗാദിഷു വ്യക്തമാക്കി.
ഫലസ്തീനികളെ ആഫ്രിക്കയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ യു.എസ്, ഇസ്രായേല്‍ ഗൂഢാലോചനയെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ യു.എസ്, ഇസ്രായേല്‍ അധികൃതര്‍ സോമാലിയ, സുഡാന്‍ അധികൃതരെ ബന്ധപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുഡാന്‍ നിര്‍ദേശം തള്ളിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഫലസ്തീനികളെ പുറന്തള്ളി ഗസ്സ ഏറ്റെടുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് ഒരുമാസമാകുമ്പോഴാണ് പുതിയ സംഭവവികാസം. സ്വന്തം മണ്ണ് വിട്ട് എങ്ങോട്ടും പോകില്ലെന്ന് ഫലസ്തീനി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അറബ് രാഷ്ട്രങ്ങളും ട്രംപിന്റെ നിര്‍ദേശം തള്ളി രംഗത്തെത്തിയിരുന്നു. നേരത്തേ ഫലസ്തീനികളെ ജോര്‍ഡനിലേക്കും ഈജിപ്തിലേക്കും മാറ്റിപ്പാര്‍പ്പിക്കാന്‍ യു.എസും ഇസ്രായേലും ചേര്‍ന്ന് പദ്ധതി തയാറാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി വരുന്ന മുഴുവന്‍ ട്രക്കുകളും ഈജിപ്ത് അതിര്‍ത്തിയില്‍ തടഞ്ഞുള്ള ഇസ്രായേല്‍ ഉപരോധം രണ്ടാഴ്ചയാകുന്നു. ട്രക്കുകളുടെ നീണ്ടനിര അതിര്‍ത്തിയില്‍ കാത്തുകെട്ടിക്കിടക്കുകയാണ്. റഫ, കരീം അബുസാലിം അതിര്‍ത്തികളിലൂടെ എത്തിയിരുന്ന സഹായവസ്തുക്കളാണ് ഗസ്സക്കാര്‍ അതിജീവനത്തിന് ഉപയോഗിച്ചിരുന്നത്.
ഇത് അടച്ചതോടെ ഭക്ഷണം, മരുന്ന്, വെള്ളം എന്നിവക്ക് ക്ഷാമമുണ്ട്. 80 ശതമാനം പേര്‍ ഭക്ഷണത്തിനും 90 ശതമാനം പേര്‍ വെള്ളത്തിനും ക്ഷാമം നേരിടുന്നു. കരുതല്‍ ശേഖരം ഉപയോഗിച്ച് പരിമിത തോതില്‍ പ്രവര്‍ത്തിക്കുന്ന പൊതുഭക്ഷണ വിതരണ കേന്ദ്രം ദിവസങ്ങള്‍ക്കകം പൂട്ടേണ്ടി വരും.