വാഷിംഗ്ടൺ : സുനിത വില്യംസുംബുച്ച് വിൽമോറും ഭൂമിയിലേക്കു ബുധനാഴ്‌ച മടങ്ങിയെത്തുമ്പോൾ തുടർന്നുളള ദിവസങ്ങളിൽ നേരിടേണ്ടത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ . ബഹിരാകാശ വാസത്തിനുശേഷം ഭുമിയിലെത്തുന്ന യാത്രികർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്‌ധർ പറയുന്നു. ബഹിരാകാശ നിലയത്തിൽ മാസങ്ങൾ പിന്നിട്ടു ഭൂമിയിലേക്കു തിരിച്ചെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുക ഒട്ടും എളുപ്പമായിരിക്കില്ല. നടക്കാനുള്ള ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ വരെ ഇരുവർക്കും നേരിടേണ്ടി വന്നേക്കാം.
കുട്ടികളുടേതിനു സമാനമായ കാൽപ്പാദങ്ങളാവും തിരികെ എത്തുമ്പോൾ .നടക്കുമ്പോൾ കുഞ്ഞുങ്ങളുടെ കാൽപ്പാദങ്ങൾ പോലെ അനുഭവപ്പെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. കാലിലെ കട്ടിയുള്ള ചർമം മാറി കുട്ടികളുടേതു പോലെ മൃദുലമായ ചർമമായി മാറുന്നതാണ് ഇതിനു കാരണം. ആഴ്ചകളോ മാസങ്ങളോ കൊണ്ടു മാത്രമേ പഴയ കട്ടിയുള്ള ചർമം രൂപപ്പെടുകയുള്ളൂ.ബഹിരാകാശ യാത്രയ്ക്കിടെ അസ്ഥികളിലെ ധാതുക്കൾ അതിവേഗം നഷ്ടപ്പെടുന്നതിനാൽ ഓസ്റ്റിയോപൊറോസിസ് ഒരു പ്രധാന ആശങ്കയാണ്. ബഹിരാകാശ സഞ്ചാരികളിൽനിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത്.
അസ്ഥി ധാതുക്കളുടെ സാന്ദ്രത പ്രതിമാസം ഏകദേശം 1-1.5 ശതമാനം നഷ്ടപ്പെടുന്നുവെന്നാണ്. ഈ നഷ്ട്‌ടം പ്രത്യേകിച്ച് തുടയെല്ല്, നട്ടെല്ല് തുടങ്ങിയ ഭാരം വഹിക്കുന്ന അസ്ഥികളെ ബാധിക്കുന്നു. ഇത് ഒടിവുകളുടെ സാധ്യതയും വർധിപ്പിക്കുന്നു. ഭൂമിയിൽ നിൽക്കുമ്പോൾ ഗുരുത്വാകർഷണത്താൽ ശരീരത്തിന്റെ താഴ്ഭാഗത്തേക്കു വലിച്ചെടുക്കപ്പെടുന്ന രക്തം പോലുള്ള ശരീരദ്രവങ്ങൾ മൈക്രോഗ്രാവിറ്റിയിൽ എത്തുമ്പോൾ ശരീരത്തിൻ്റെ മുകൾ ഭാഗത്തേക്കു പുനർവിതരണം ചെയ്യുന്നു. ഈ ഫ്ലൂയിഡ് മാറ്റം ‘മൂൺ ഫെയ്‌സ്’ എന്നറിയപ്പെടുന്ന ഒരു അവസ്‌ഥയിലേക്കു നയിക്കുന്നു. ഫ്ലൂയിഡ് ഷിഫ്റ്റിങ് തലയോട്ടിക്കുള്ളിലെ മർദം വർധിപ്പിക്കും. ഈ പ്രതിഭാസം സ്പേസ് ഫ്ലൈറ്റ്-അസോസിയേറ്റഡ് ന്യൂറോ-ഓക്യുലാർ സിൻഡ്രോം (എസ്എഎൻഎസ്) എന്നും അറിയപ്പെടുന്നു.
ബഹിരാകാശയാത്രികർ വലിയ തോതിൽ കോസ്‌മിക് വികിരണങ്ങൾക്കു വിധേയരാകുന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകാം. ഭൂമിയിലേതിനേക്കാൾ 50 മുതൽ 200 മടങ്ങുവരെ റേഡിയേഷൻ ബഹിരാകാശയാത്രികരെ ബാധിക്കാറുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. ഉയർന്ന അളവിലുള്ള റേഡിയേഷൻ എക്സ്പോഷർ മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം എന്നിങ്ങനെയുള്ള രോഗങ്ങൾക്കു കാരണമാകാം. ചുരുക്കത്തിൽ ഭൂമിയിലെത്തി കുറച്ചു ദിവസങ്ങൾ നിരവധി പ്രതിസന്ധി സുനിതയും സഹയാത്രികരും നേരിടേണ്ടി വരും