സ്പേസ് എക്സിന്റെ ഡ്രാഗൺ കാപ്സ്യൂൾ സുനിതയെയും വഹിച്ചുകൊണ്ട് ഫ്ലോറിഡയിൽ പറന്നിറങ്ങുന്ന കാഴ്ച ഇമ ചിമ്മാതെയാണ് ഗുജറാത്തിൽ നിന്നുള്ള 84 വയസുള്ള ദിനേഷ് റാവലും പേരക്കുട്ടി കരാമും വീക്ഷിച്ചത്. അഹ്മദാബാദിൽ നിന്ന് നിന്ന് ഏതാണ്ട് 50 കിലോമീറ്റർ അകലെയുള്ള മെഹ്സാനയിലെ ജുലാസൻ ഗ്രാമത്തിലെ പാണ്ഡ, റാവൽ കുടുംബാംഗങ്ങളും വലിയ സന്തോഷത്തിലായിരുന്നു.
സുനി എന്നാണ് സുനിതയെ കുടുംബം വിളിക്കുന്നത്. സുനിതയുടെ പിതാവ് ദീപക് പാണ്ഡയും റാവലിന്റെ പിതാവും സഹോദരൻമാരാണ്. ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിതയെ ഓർത്ത് മാസങ്ങളോളമായി കടുത്ത ആശങ്കയിലായിരുന്നു കുടുംബം. കുടുംബത്തിനൊപ്പം അയൽക്കാരും അവർ തിരിച്ചെത്താനായി പ്രാർഥനകളുമായി കഴിയുകയായിരുന്നു.
സുനിതയുടെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും അമേരിക്കയിലാണിപ്പോൾ. റാവലിന്റെ ഭാര്യയും യു.എസിലാണ്.പേരക്കുട്ടിക്കൊപ്പമാണ് റാവൽ അഹ്മദാബാദിൽ താമസിക്കുന്നത്. സുനിത മടങ്ങിയെത്തിയ വാർത്ത കണ്ടപ്പോൾ സന്തോഷം അടക്കാനായില്ലെന്നും അദ്ദേഹം പറയുന്നു. ഗുജറാത്തിന്റെ മകളുടെ മടങ്ങിവരവിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടക്കം സന്തോഷം പ്രകടിപ്പിച്ചു.
2007ലാണ് സുനിത ആദ്യമായി ഗുജറാത്തിലെ ജൻമനാട്ടിലെത്തിയത്. 2013ൽ ഒരിക്കൽ കൂടി നാട്ടിലെത്തുകയുണ്ടായി. അതിനു മുമ്പ് 2012ൽ അവരുടെ രണ്ടാം ഐ.എസ്.എസ് പര്യടനത്തിന് തൊട്ടുമുമ്പായി റേഡിയോ വഴി അഹ്മദാബാദിലെ വിവിധ സ്കൂൾ കുട്ടികളുമായി സുനിത സംവദിച്ചിരുന്നു. 2003ൽ വധിക്കപ്പെട്ട
ഗുജറാത്ത് മുൻ മന്ത്രി ഹരേൻ പാണ്ഡ്യയുടെ ബന്ധുവാണ് സുനിത വില്യംസ്. ഗുജറാത്തിൽ നിന്നു യു.എസിലേക്ക് കുടിയേറിയ ഡോക്ടർ ദീപക് പാണ്ഡ്യയുടെയും സ്‌ലൊവേനിയൻ വംശജ ബോണിയുടെയും മകളാണ് സുനിത വില്യംസ്.
ഒമ്പതു മാസത്തിന് ശേഷം ഇന്ത്യന്‍ സമയം പുലർച്ചെ 3.27നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയില്‍ തിരിച്ചെത്തിയത്. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നിരുന്നു.