Saturday, March 29, 2025

HomeMain Storyസ്ത്രീയുടെ മാറില്‍ തൊട്ടാലും പൈജാമച്ചരടഴിച്ചാലും ജസ്റ്റിസ് റാം മനോഹര്‍ മിശ്രക്ക് അത് റേപ്പ് ശ്രമമല്ല

സ്ത്രീയുടെ മാറില്‍ തൊട്ടാലും പൈജാമച്ചരടഴിച്ചാലും ജസ്റ്റിസ് റാം മനോഹര്‍ മിശ്രക്ക് അത് റേപ്പ് ശ്രമമല്ല

spot_img
spot_img

എ.എസ് ശ്രീകുമാര്‍

സ്ത്രീ ശാക്തീകരണ പരിപാടികള്‍ കൊണ്ടുപിടിച്ച് നടക്കുന്ന ഇന്ത്യയിലെ ഒരു ഹൈക്കോടതി ജഡ്ജി ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് നമ്മെ ലജ്ജിപ്പിക്കുന്നതും പ്രതിഷേധാര്‍ഹവുമാണ്. സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ആയി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് റാം മനോഹര്‍ മിശ്രയുടെ ‘മനോഹര’മായ നിരീക്ഷണം. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും നിയമത്തിന് മുമ്പില്‍ വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിണ് ജസ്റ്റിസ് മിശ്ര വിവാദ പരാമര്‍ശം നടത്തിയത്.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ 2021-ല്‍ നടന്ന ഒരു പീഡനത്തിന്റെ പേരില്‍ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് റാം മനോഹര്‍ മിശ്രയുടെ വിചിത്രനായ വിധി പ്രസ്താവം. പവന്‍, ആകാശ് എന്നീ പ്രതികള്‍ ചേര്‍ന്ന് 11 വയസുള്ള പെണ്‍കുട്ടിയെ വാഹനത്തില്‍ ലിഫ്റ്റ് നല്‍കി പ്രലോഭിപ്പിച്ച് കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും അവളുടെ പൈജാമയുടെ ചരട് പൊട്ടിക്കുകയും അവളെ ഒരു കലുങ്കിനടിയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെണ്‍കുട്ടിയെ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു.

കൊടും കുറ്റവാളികളായ പവനും ആകാശിനുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് (ബലാത്സംഗം), പോക്‌സോ നിയമത്തിലെ 18-ാം വകുപ്പ് എന്നിവയാണ് കീഴ് കോടതി ചുമത്തിയിരുന്നത്. എന്നാല്‍ സമന്‍സ് അയച്ച കീഴ്‌കോടതി നടപടിയെ ചോദ്യം ചെയ്താണ് യുവ ക്രിമിനലുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി, പ്രതികളെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ബി വകുപ്പ് (സ്ത്രീയെ വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിതരാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലം പ്രയോഗിക്കല്‍) പ്രകാരവും, പോക്‌സോ നിയമത്തിലെ 9/10 വകുപ്പുകള്‍ (ഗുരുതരമായ ലൈംഗികാതിക്രമം) പ്രകാരവും വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു.

ഈ വിധിയിലാണ് നീതിപീഠത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതും പ്രകോപനപരവുമായ പ്രസ്താവമുണ്ടായിരിക്കുന്നത്. ബലാത്സംഗശ്രമം കുറ്റാരോപിതര്‍ക്കു മേല്‍ ചുമത്തണമെങ്കില്‍ അവര്‍ അക്കര്യം ചെയ്തുവെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്ന, വാദിയെ പ്രതിയാക്കുന്ന ധിക്കാരപരമായ പരാമര്‍ശമാണ് ജസ്റ്റിസ് മിശ്രയുടെ ഭാഗത്തുനിന്നുണ്ടായത്. പ്രതികളുടെ ഈ പ്രവൃത്തി കാരണം ഇര നഗ്‌നയാവുകയോ വസ്ത്രം നഷ്ടപ്പെടുകയോ ചെയ്തു എന്ന് സാക്ഷികള്‍ ആരും പറഞ്ഞിട്ടില്ല. പ്രതികള്‍ ഇരയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതായി യാതൊരു ആരോപണവുമില്ല. പ്രതി ബലാത്സംഗം ചെയ്യാന്‍ ഉറച്ചു എന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുകളും രേഖകളില്‍ ഇല്ലെന്നും വിധിയില്‍ പറയുന്നു.

വാസ്തവത്തില്‍ എന്താണ് ബലാല്‍സംഗം..? ക്രിമിനല്‍ നിയമപ്രകാരം, ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പര്‍ക്കത്തെയാണ് ബലാത്സംഗം അഥവാ റേപ്പ് എന്ന് പറയുന്നത്. ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ നടത്തുന്ന ലൈംഗിക കീഴ്‌പ്പെടുത്തലുകളെല്ലാം ബലാത്സംഗം ആണെന്ന് പറയാം. ലൈംഗികമായ ആക്രമണങ്ങളേയും, മറ്റ് സമ്മതമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗമായി കണക്കാക്കുന്നു.

ചുണ്ടുകള്‍, മാറിടം മറ്റു ശരീരഭാഗങ്ങള്‍ തുടങ്ങിയവ കടിച്ചു പൊട്ടിക്കുക, ഇടിക്കുക, സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിക്കുക, വേദനിപ്പിക്കുക തുടങ്ങി പല രീതിയില്‍ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ അല്ലെങ്കില്‍ ക്രൂരതകള്‍ ബലാത്സംഗത്തിന് ഇരയാകുന്ന വ്യക്തി അനുഭവിക്കേണ്ടി വരാറുണ്ട്. പലപ്പോഴും ഇത് ഇരയെ മരണത്തിലേക്ക് നയിച്ചേക്കാം. ഇതില്‍ ലിംഗഭേദം ഇല്ല, ഏതു ലിംഗഭേദങ്ങളും ഇരകളും, കുറ്റവാളികള്‍ ആകാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ, വളര്‍ച്ചയുടെ വൈകല്യയമുള്ളവരെ ഒരു മുതിര്‍ന്ന വ്യക്തി വിവാഹം ചെയ്‌തോ അല്ലാതെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നു.

കാസ്ഗഞ്ച് ജില്ലയിലെ കേസില്‍ പ്രതികളുടെ ഉദ്ദേശ്യം ആ പ്രായപൂര്‍ത്തിയാകാത്ത ആ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുക എന്നതായിരുന്നു. ഒന്നിലധികം പേരുള്ളതിലാല്‍ അത് കൂട്ടബലാല്‍സംഗത്തിന്റെ നിര്‍വചനത്തില്‍പ്പെടുകയും ചെയ്യുന്നു. സംഭവം നടക്കുമ്പോള്‍ ഒരുവ്യക്തി അത് കാണുകയും കുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു. അല്ലായിരുന്നെങ്കില്‍ കുട്ടി റേപ്പ് ചെയ്യപ്പെട്ടേനേ. ഇതിനെ ബലാല്‍സംഗ ശ്രമമെന്നും തയ്യാറെടുപ്പ് എന്നുമുള്ള നിയമത്തിന്റെ സാങ്കേതികത്വം വിളമ്പി പ്രതികള്‍ക്ക് അനുകൂലമായെന്നോണം നിയമത്തിന്റെ കാവലാള്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ജഡ്ജി നിലപാടെടുക്കുന്നത് പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല.

ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര ഇതിന് മുമ്പും വിവാദ വിധികളുമായി രംഗത്തുവന്നിട്ടുണ്ട്. ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വിധിയായിരുന്നു അത്. വൈവാഹിക ജീവിതം ദുരിതപൂര്‍ണമാണെന്നും വാക്കുകള്‍ കൊണ്ടും ശാരീരികമായും ഭര്‍ത്താവ് നിരന്തം പീഡിപ്പിക്കുകയാണെന്നായിരുന്നു ഭാര്യയുടെ പരാതി. ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്നായിരുന്നു 2003-ല്‍ ജസ്റ്റിസ് മിശ്ര ഉത്തരവിട്ടത്.

പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നല്‍കിയ കേസിലായിരുന്നു ഈ പരാമര്‍ശം. കേസില്‍ ഐ.പി.സി 377 പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനെ കോടതി വിമുക്തനാക്കുകയും ചെയ്തു. ബലാത്സംഗം ശിക്ഷിക്കാന്‍ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടരുമെന്നും മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, പല രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം ഒരു കുറ്റകൃത്യമാണ്, ഒപ്പം വിവാഹമോചനത്തിന് മതിയായ കാരണവും കൂടിയാണ്.

പങ്കാളിയുടെ സമ്മതമോ താല്പര്യമോ ഇല്ലാതെ കരുത്ത് തെളിയിക്കാനെന്ന രീതിയില്‍ ചില ഭര്‍ത്താക്കന്മാര്‍ നടത്തുന്ന ബലാല്‍സംഗം പലപ്പോഴും ഭാര്യമാര്‍ക്ക് പീഡനമാകാറുണ്ട്. താല്പര്യമില്ലാത്ത രതിരീതികള്‍ക്ക് നിര്‍ബന്ധിക്കുന്നതും വേദനിപ്പിക്കുന്നതും അസഹനീയമാണ്. വൈവാഹിക ബലാത്സംഗം പങ്കാളിയോടുള്ള ഭയത്തിനും വെറുപ്പിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകുന്നു. ഇത് സ്ത്രീകളില്‍ ‘വജൈനിസ്മസ്’ അഥവാ യോനീസങ്കോചം പോലെയുള്ള അവസ്ഥ ഉണ്ടാകാനും ദാമ്പത്യതകര്‍ച്ചക്കും കാരണമായേക്കാം. പങ്കാളി മാനസികമായും ശാരീരികമായും ലൈംഗികബന്ധത്തിന് തയ്യാറാണോ എന്നുറപ്പ് വരുത്താതെയുള്ള ആക്രമണം പലപ്പോഴും ദാമ്പത്യം ശിഥിലമാക്കാം.

പങ്കാളി സമ്മതത്തോടെ ആസ്വദിക്കുന്നതാണ് ശരിയായ ലൈംഗികതയെന്നും, വേദനയുള്ളതും താല്പര്യമില്ലാത്തതുമായ രതി പങ്കാളിക്ക് ബുദ്ധിമുട്ടാണ് എന്ന തിരിച്ചറിവില്ലാത്തതും, സ്ത്രീപുരുഷ ലൈംഗികതയെ പറ്റി ശാസ്ത്രീയമായ അറിവ് ഇല്ലാത്തതും, പുരുഷന്റെ ആധിപത്യ മനോഭാവവും ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ലൈംഗികാതിക്രമ കേസുകളില്‍ ജസ്റ്റിസ് മിശ്രയുടേത് പോലുള്ള വിചിത്ര വിധികള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോഴും പ്രതികള്‍ക്ക് അനുകൂലമായി നീതി പീഠം പ്രവര്‍ത്തിക്കുന്നതും കണ്ണടക്കുന്നതും ക്രിമിനലുകള്‍ക്ക് വലിയ തുണയാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments