ചെന്നൈ; കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള യോത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം 13 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇടുങ്ങിയ മനോഭാവത്തോടെയാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് പ്രത്യേക നന്ദി പറയുകയും ചെയ്തു. നമ്മുടെയെല്ലാം തലയ്ക്ക് മുകളില്‍ തൂങ്ങി കിടക്കുന്ന വാളാണ് മണ്ഡല പുനര്‍നിര്‍ണ്ണയം. വടക്കേ ഇന്ത്യയില്‍ മുന്‍തൂക്കം ലഭിക്കുമെന്നുള്ളത് കൊണ്ടാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണ്ണയവുമായി മുന്നോട്ട് പോകുന്നതെന്നും കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നതായും പിണറായി വിജയന്‍ വ്യക്തമാക്കി.
ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനാണ് ഈ പോരാട്ടമെന്നും മണ്ഡല പുനര്‍നിര്‍ണ്ണയം തെക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും അതു കൊണ്ട് തന്നെ ഈ നീക്കത്തെ ഒന്നിച്ച് എതിര്‍ക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും മണ്ഡല പുനര്‍നിര്‍ണ്ണയം സംബന്ധിച്ച അമിത് ഷായുടെ വാക്കുകള്‍ക്ക് വ്യക്തതയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി മണിപ്പൂര്‍ കത്തുന്നു അവരുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തുന്നില്ല അതിന് കാരണം അവര്‍ക്ക് അംഗബലമില്ലാത്തതാണെന്നും അതു കൊണ്ട് മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തുന്നത് നീതിയല്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. പിണറായി വിജയന് പുറമേ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ജനസംഖ്യാ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു സീറ്റ് പോലും കുറയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. ബിജെപി പാര്‍ട്ടി ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ വാ?ഗ്ദാനം. മണ്ഡല പുനക്രമീകരണത്തിന് ശേഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റുകള്‍ കുറയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.