തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് ആയ ശേഷം ശ്രീനാരായണ ഗുരുവചനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക…” എന്ന വാക്യമാണ് രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബിജെപിക്കാര്‍ക്കുള്ള സന്ദേശമായാണ് ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഗുരുവചനങ്ങള്‍ തയ്യാറാക്കി ശ്രീനാരായണ ഗുരുവിന്റെ ചിത്രം ഉള്‍പ്പടെയായിരുന്നു പോസ്റ്റ്.
നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പൊതുസമൂഹത്തിന്റെ ഭാഗമായവരും പോസ്റ്റിന് താഴെ ഇതോടെ പുതിയ അധ്യക്ഷന് ആശംസകളുമായെത്തിയിരിക്കുകയാണ്. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതില്‍ അസ്വസ്ഥര്‍ പാര്‍ട്ടിക്കുള്ളില്‍ ഏറെയാണ്. ഇവര്‍ക്കു കൂടിയുള്ള സന്ദേശമാണ് രാജീവിന്റെ പോസ്റ്റ്. ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി ആണ് രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റാകുന്നത്. എംടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരിവല്‍ ആരെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച പരീക്ഷണമാണ് ദേശീയ നേതൃത്വം നടത്തിയത്.