തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മോചനകേന്ദ്രങ്ങള്‍ നിറഞ്ഞു കവിയുകയാണ്. പ്രായപൂര്‍ത്തി ആയവരും അല്ലാത്തവരും ആയി കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 11,174 പേരെ ലഹരി മോചനകേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ കണക്കുകള്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ലഹരി മോചനകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്ക പെട്ട 588 പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്നതാണ് ശ്രദ്ധേയം. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്‍പേഷ്യന്റായി ചികിത്സ തേടിയിരിക്കുന്നത്. 1,446 പേരാണ് രണ്ട് മാസത്തിനിടയില്‍ പത്തനംതിട്ടയില്‍ വിമുക്തി കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
കേരളം നേരിടുന്ന അത്യന്തം ഭയാനകമായ സ്ഥിതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 138,635 പേര്‍ ഔട്ട് പേഷ്യന്റായി വിവിധ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ചികിത്സ തേടിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 2021ല്‍ കേവലം 681 പ്രായപൂര്‍ത്തിയാകാത്തവര്‍ ചികിത്സ തേടിയ സ്ഥാനത്താണ്, രണ്ട് മാസത്തിനുള്ളില്‍ 588 പേര്‍ ചികിത്സക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ 1238, 2024ല്‍ 2885 ആയും ചികിത്സ തേടിയവരുടെ നിരക്ക് ഉയര്‍ന്നപ്പോഴൊക്കെ ഭരണകസേരകളില്‍ ഇരിക്കുന്നവര്‍ കൈയും കെട്ടി നോക്ക് കുത്തികളാവുകയായിരുന്നു.
ലഹരിയുടെ വ്യാപനം ചൂണ്ടികാട്ടി കൊണ്ട്,സംസ്ഥാനത്ത് ഒന്നിലധികം തവണ ലഹരിക്കേസുകളില്‍ പിടിയിലായത് 497 പേരാണെന്നും എക്സൈസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതില്‍ 242 പേര്‍ അഞ്ചിലധികം കേസുകളില്‍ പ്രതികളാണ്. പതിനൊന്ന് സ്ത്രീകളും ഒന്നിലേറെ കേസുകളില്‍ പ്രതികളാണ്. കൊല്ലത്താണ് ഏറ്റവും കുടുതല്‍ പേര്‍ പ്രതികളായത്. 74 പേര്‍ പിടിയിലായി. രണ്ടാം സ്ഥാനം കോട്ടയത്തിനാണ്-69 പേര്‍.