തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ വീഴ്ചയെ കുറിച്ച് സംസ്ഥാന പോലീസ് മേധാവി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.
ഇതിനായി ഉദ്യോഗസ്ഥര്‍ മന്ത്രിയോട് സമയം തേടിയിട്ടുണ്ട്. മൊഴി നല്‍കാന്‍ പ്രയാസമില്ലെന്ന് മന്ത്രി മാധ്യമങ്ങളോടും പറഞ്ഞു.പൂരം കലക്കല്‍ വിവാദങ്ങളില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് മാസം കഴിയുമ്പോഴാണ് മന്ത്രി കെ രാജന്റെ മൊഴിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ സമയം തേടിയിരിക്കുന്നത്. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭാ സമ്മേളനം ഇന്നാണ്. പൂരം കലക്കലുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകളുടെ വീഴ്ചയെ കുറിച്ച് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.