വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഉപരിപഠനത്തിന് പോകുന്നത് നിര്‍ത്തിവയ്ക്കുന്നു. യു.എസ് സ്റ്റുഡന്റ് വിസ കൂട്ടമായി നിരസിക്കുന്നതും ആഗോള തൊഴില്‍ വിപണി ദുര്‍ബലമായതും തടസ്സമായി. യു.എസിലേക്കുള്ള വഴിയടഞ്ഞതോടെ ഉന്നത വിദ്യാഭ്യാസത്തിന് യൂറോപ്പും ദുബായിയുമാണ് വിദ്യാര്‍ഥികളുടെ അടുത്ത ലക്ഷ്യകേന്ദ്രങ്ങളെന്ന് പുനെയിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികള്‍ പറയുന്നു.
2024ലെ അപേക്ഷിച്ച് 2025ല്‍ യു.എസില്‍ വിസ അനുവദിക്കുന്നതില്‍ 30 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പുനെയിലെ വിദ്യാഭ്യാസ വിദഗ്ധന്‍ അമിത് ജെയിന്‍ പറയുന്നു. എച്ച്-1ബി വിസ അപേക്ഷകള്‍ കുറയുകയും ഗ്രീന്‍ കാര്‍ഡ് കുറക്കുകയും ചെയ്തതിനെ തുടര്‍ന്ന് യു.എസിലേക്ക് പോകാനുള്ള വിദ്യാര്‍ഥികളുടെ താല്‍പര്യവും കുറഞ്ഞു. മാത്രമല്ല, ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു എന്നതും യു.എസിലേക്ക് പോകാന്‍ വിദ്യാര്‍ഥികളെ പിന്നോട്ടടിപ്പിക്കുന്നു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതും വിദ്യാര്‍ഥികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. അതിനാല്‍ യു.എസ് വിട്ട് അയര്‍ലന്‍ഡ്, ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാനും വിദ്യാര്‍ഥികള്‍ താല്‍പര്യപ്പെടുന്നുണ്ട്.
സ്വന്തമായി സ്ഥാപനങ്ങള്‍ ഇല്ല എന്നതായിരുന്നു ദുബൈയിലെ പ്രധാന പോരായ്മ. നിരവധി പാശ്ചാത്യ സര്‍വകലാശാലകള്‍ക്ക് അവിടെ സെക്കന്‍ഡറി ക്യാപസുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ വലിയ തൊഴിലവസരമാണ് അവിടെ കാത്തിരിക്കുന്നത്. അതാണ് ദുബൈ ഓപ്ഷനായി തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.
2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള 41ശതമാനം വിദേശവിദ്യാര്‍ഥികളുടെ വിസകളാണ് യു.എസ് ഭരണകൂടം തള്ളിക്കളഞ്ഞത്.10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2023-24 വര്‍ഷത്തില്‍ എഫ്.1 വിസക്കായി 6.79 ?ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 2.79 ലക്ഷം അപേക്ഷകള്‍ തള്ളി. 2022-23 വര്‍ഷത്തില്‍ 6.99 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 2.53 ലക്ഷം അപേക്ഷകള്‍ നിരസിച്ചു. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടവര്‍ ഏതു രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന പട്ടിക യു.എസ് പുറത്തുവിട്ടിട്ടില്ല.
കോവിഡിന് മുമ്പുള്ള കാലങ്ങളില്‍ അപേക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ രീതിയില്‍ വര്‍ധനവുണ്ടായിരുന്നു. 2023-24 വര്‍ഷമായതോടെ അപേക്ഷകരുടെ എണ്ണത്തില്‍ കുറവു വന്നുതുടങ്ങി. 2023-24 വര്‍ഷത്തില്‍ 4.01 ലക്ഷം എഫ്-1 വിസകളാണ് യു.എസ് ഇഷ്യൂ ചെയ്തത്. അതിനു തൊട്ടുമുമ്പുള്ള വര്‍ഷം 4.45 ലക്ഷം എഫ്-1 വിസകളും അനുവദിച്ചു. യു.എസിലെ അക്കാദമിക സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കുടിയേറ്റ ഇതര വിസയാണ് എഫ്-1 വിസ. യു.എസ് പ്രതിവര്‍ഷം അനുവദിക്കുന്ന വിദ്യാര്‍ഥി വിസയില്‍ 90 ശതമാനവും എഫ്-1വിസയാണ്.