വത്തിക്കാന്‍: ന്യുമോണിയ ബാധിതനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ഘട്ടത്തില്‍ മരണത്തിലേക്ക് വളരെ അടുത്തെത്തിയിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിന്റെ വെളിപ്പെടുത്തല്‍. അതീവഗുരുതരാവസ്ഥയിലെത്തിയ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണോ, അതോ സ്വഭാവിക മരണത്തിന് മാര്‍പാപ്പയെ അനുവദിക്കണോ എന്ന അനിശ്ചിതത്വം ഡോക്ടര്‍മാര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ഇരട്ട ന്യുമോണിയ ബാധിതനായി അഞ്ചാഴ്ച്ചയോളമാണ് ഇറ്റലിയിലെ ജെമെല്ലി ആശുപത്രിയില്‍ 84 കാരനായ മാര്‍പാപ്പ ചികിത്സയില്‍ കഴിഞ്ഞത്. ചികിത്സയിലിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നാല് തവണ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതില്‍ അദ്ദേഹത്തിന്റെ ജീവന്‍ ഏറ്റവും വലുതായി അപകടപ്പെടുത്തിയ ആരോഗ്യപ്രശ്നം ഫെബ്രുവരി 28 നാണ് സംഭവിച്ചത്. പുറത്തേക്കു വന്ന ഛര്‍ദ്ദി പുറത്തേക്ക് തുപ്പുന്നതിന് പകരം അത് ശ്വസിക്കുന്നൊരു അവസ്ഥ മാര്‍പാപ്പയ്ക്ക് സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയ സമയമായിരുന്നു. ഗുരുതരമായ രീതിയില്‍ ശ്വാസതടസം അദ്ദേഹത്തിന് അനുഭവപ്പെട്ടു.
മാര്‍പാപ്പയുടെ നില അതീവഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ സംഘത്തിന് മനസിലായി. അദ്ദേഹം ഈ അവസ്ഥയെ അതിജീവിച്ചേക്കില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് തോന്നി എന്നാണ് ജെമെല്ലി ആശുപത്രയിലെ ജനറല്‍ സര്‍ജന്‍ സെര്‍ജിയോ ആല്‍ഫിയേരി പറഞ്ഞത്. മാര്‍പാപ്പയുടെ മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന ആല്‍ഫിയേരി ചൊവ്വാഴ്ച്ച പ്രസിദ്ധീകരിച്ച കൊറിയര്‍ ഡെല്ല സെറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
‘ചികിത്സ അവസാനിപ്പിച്ച് അദ്ദേഹത്തെ പോകാന്‍ അനുവദിക്കണോ അതോ മറ്റ് അവയവങ്ങള്‍ക്ക് ദോഷകരമാകാന്‍ സാധ്യത വളരെ കൂടുതലാണെങ്കില്‍ പോലും സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കണോ എന്നതില്‍ ഒരു തീരുമാനം ഞങ്ങള്‍ക്ക് എടുക്കേണ്ടതായി വന്നു. ഒടുവില്‍, ഞങ്ങള്‍ ഈ പാത സ്വീകരിച്ചു.’ എന്നാണ് ചികിത്സ തുടരാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരി അഭിമുഖത്തില്‍ പറയുന്നത്. പോപ്പിന്റെ പേഴ്സണല്‍ നഴ്സ് ആയ മാസിമിലിയാനോ സ്ട്രാപ്പെറ്റിയുടെ ഇടപെടലും രണ്ടാമത്തെ വഴി തിരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് പ്രേരണയായതായി സെര്‍ജിയോ പറയുന്നുണ്ട്. ചികിത്സ തുടരാനാണ് അദ്ദേഹം മെഡിക്കല്‍ ടീമിനോട് നിര്‍ദ്ദേശിച്ചത്, ‘എല്ലാം പരീക്ഷിച്ചു നോക്കൂ, കൈവെടിയരുത്,’ എന്നാണ് സ്ട്രാപ്പെറ്റി പറഞ്ഞതെന്ന് ആല്‍ഫിയേരി ഓര്‍മിക്കുന്നു.
‘അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ആ രാത്രി അദ്ദേഹം അതിജീവിച്ചേക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വയം അറിയാമായിരുന്നു. ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടിരുന്നപ്പോഴും, ആദ്യ ദിവസം മുതല്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്, എന്താണോ അദ്ദേഹത്തിന്റെ അവസ്ഥ അതിനെക്കുറിച്ച് സത്യസന്ധമായി തന്നെ അദ്ദേഹത്തോട് പറയണമെന്നായിരുന്നു’ കൊറിയര്‍ ഡെല്ല സെറയുടെ അഭിമുഖത്തില്‍ ഡോക്ടര്‍ പറയുന്നു.
മാര്‍പാപ്പയുടെ അവസ്ഥ മെഡിക്കല്‍ സംഘത്തിലെ പലരെയും വികാരാധീതരാക്കിയിരുന്നു. പലരുടെയും കണ്ണുകളില്‍ കണ്ണുനീര്‍ കണ്ടു. അവരെല്ലാം അദ്ദേഹത്തെ സ്വന്തം പിതാവിനെ പോലെയാണ് കണ്ടിരുന്നത്’ തങ്ങള്‍ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് സെര്‍ജിയോ ആല്‍ഫിയേരി പങ്കുവയ്ക്കുന്ന വാക്കുകള്‍.
ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു എല്ലാവരെയും പേടിപ്പിച്ച ശ്വാസതടസം മാര്‍പാപ്പയ്ക്കുണ്ടാകുന്നത്. ഈ സമയത്ത് അദ്ദേഹം ഛര്‍ദ്ദിച്ചുവെങ്കിലും അത് പുറത്തേക്ക് വരാതെ അദ്ദേഹത്തിന് ശ്വസിക്കേണ്ടി വന്നു. ഇത് ശ്വാസകോശത്തിന്റെ അവസ്ഥ സങ്കീര്‍ണമാക്കി. ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. ഇത്തരം അവസ്ഥയില്‍ ഉടനടിയുള്ള ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം നിശ്ചയമാണ്. വല്ലത്തൊരു അവസ്ഥയായിരുന്നു, അദ്ദേഹം അതില്‍ നിന്നും രക്ഷപെടില്ലെന്നാണ് ഞങ്ങള്‍ കരുതിയത്, ഡോക്ടര്‍ പറയുന്നു.
മെഡിക്കല്‍ സംഘത്തിന്റെ അതീവജാഗ്രതയോടെയുള്ള സമീപനമാണ് പോപ്പിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. മാര്‍ച്ച് 10 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ മാര്‍പാപ്പ അപകടാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വസന പ്രക്രിയ സുഗമമാകാന്‍ തുടങ്ങിയതോടെ അദ്ദേഹം സജീവമായി. വീല്‍ ചെയറില്‍ കയറി വാര്‍ഡില്‍ ചുറ്റിനടന്നു. തന്റെ ചികിത്സ സംഘത്തിനെല്ലാവര്‍ക്കും അദ്ദേഹം പിസ പാര്‍ട്ടി വാഗ്ദാനം ചെയ്തു.
ജെമെല്ലി ആശുപത്രിയില്‍ നിന്നും വത്തിക്കാന്‍ സിറ്റിയിലെ കാസ സാന്താ മാര്‍ട്ടയിലേക്കാണ് മാര്‍പാപ്പ മടങ്ങിയത്. അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു അങ്ങോട്ടേക്ക് പോയത്. ചികിത്സ തുടരേണ്ടതിനാല്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണ്. മാര്‍പാപ്പ പൂര്‍ണ സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്നാണ് സെര്‍ജിയോ ആല്‍ഫിയേരി പറയുന്നത്.
മാര്‍പാപ്പയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കാലതാമസം വരുമെന്നതിനാല്‍ ചാള്‍സ് രാജാവിന്റെ വത്തിക്കാന്‍ സന്ദര്‍ശനം നീട്ടിവച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ചാള്‍സ് രാജാവിന്റെയും പത്നി കാമിലയുടെയും ഇറ്റലി സന്ദര്‍ശനം നടക്കും. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ച മാറ്റിവച്ചതിനാല്‍ സന്ദര്‍ശന പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നു മാത്രം.