തിരുവല്ല: ഹൃദ്രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന മര്‍ത്തോമ്മാ സഭയിലെ മുതിര്‍ന്ന വൈദികന്‍ മരിച്ചുപോയി എന്ന് ചരമക്കുറിപ്പ് ഇറക്കിയ സഭാ സെക്രട്ടറിക്കെതിരെ വിശ്വാസികള്‍. കുമ്പനാട് ശാലേം മര്‍ത്തോമ്മ ഇടവക വികാരി റവ. ജെയിംസ് ജോര്‍ജിനെയാണ് സഭാ സെക്രട്ടറി കാലപുരിക്കയച്ചത്. ഒടുവില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ അച്ചന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ച് സഭാ സെക്രട്ടറി റവ. എബി ടി മാമ്മന്‍ വീണ്ടും കുറിപ്പിറക്കി.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുമ്പനാട് ശാലേം പള്ളി വികാരി റവ. ജെയിംസ് ജോര്‍ജ്ജ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഐസിയുവില്‍ ചികിത്സയില്‍ ആയത്. ഇന്നലെ രാവിലെ 10 മണിയോടെ ഇദ്ദേഹത്തിന്റെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് മാറ്റിയതോടെ സഭാ സെക്രട്ടറിയുടെ ചരമ അറിയിപ്പ് ഇറക്കി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഔദ്യോഗികമായി മരണം അനൗണ്‍സ് ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്.
നിര്‍ഭാഗ്യവാനും ഇപ്പോഴും ജീവിച്ചിരിക്കുന്ന പാവം പാതിരിയെ അമിതാവേശം കാണിച്ച് കാലപുരിക്കയച്ച സഭാ സെക്രട്ടറിക്കെതിരെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് ഇന്നലെ രാത്രി വൈകി തിരുത്ത് ഇറക്കിയത്. സഭയുടെ വാട്‌സാപ്പ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലെല്ലാം സഭാ സെക്രട്ടറിക്കെതിരെ കടുത്ത പ്രതിഷേധമാണ് പലരും ഉന്നയിക്കുന്നത്. റവ. എബി ടി മാമ്മനെതിരെ ഔദ്യോഗികമായി പരാതി നല്‍കാനും പലരും തയ്യാറെടുക്കുന്നുണ്ട്.