കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സര്‍വം നശിച്ചവര്‍ക്ക് കൈത്താങ്ങായി കേരള ജനത. മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കു പുതുജീവിതമൊരുക്കാനായുള്ള ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നടത്തിയത്.ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്. കേന്ദ്രത്തില്‍ നിന്നും ഏറെ സഹായം പ്രതീക്ഷിച്ചുവെങ്കിലും ഒന്നും ലഭിച്ചില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഴു സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സര്‍ക്കാരും തമ്മില്‍ വില സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ദുരിതബാധിതരുടെ ലിസ്റ്റ് തയാറാക്കുന്നതില്‍ കാലതാമസമുണ്ടായതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളും ടൗണ്‍ഷിപ്പിന്റെ ഭാഗമായി ഉണ്ടാവുമെന്നും പ്രതിപക്ഷനേതാവ് യോഗത്തില്‍ അറിയിച്ചു. പുറമെ പൊതുസ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര – വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടത്തുക. കിഫ്കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും.