വാഷിംങ്ടണ്‍: യു.എസിലെ കാമ്പസുകളിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. കൂടാതെ പ്രതിഷേധിക്കുന്നവരെ ‘ഭ്രാന്തന്‍മാര്‍’ എന്നു വിശേഷിപ്പിച്ച റൂബിയോ ഇനി ദിവസവും നടപടിയുണ്ടാവുമെന്നും പറഞ്ഞു. വിസ റദ്ദാക്കല്‍ കാമ്പെയ്ന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട നടപടികള്‍ക്കപ്പുറം വളരെ വിശാലവും കൂടുതല്‍ ആക്രമണാത്മകവുമായ നാടുകടത്തല്‍ നിര്‍വഹണ തന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ വാക്കുകള്‍.
‘ഇപ്പോള്‍ 300ല്‍ കൂടുതല്‍ പേര്‍ ഉണ്ടാകാം. ഞങ്ങള്‍ എല്ലാ ദിവസവും ഇത് ചെയ്യും. ഓരോ തവണയും ഈ ഭ്രാന്തന്മാരില്‍ ഒരാളെ കണ്ടെത്തും’ – റൂബിയോ മാധ്യമപ്രവര്‍ത്ത?കരോട് പറഞ്ഞു. ഈ നയം നടപ്പിലാക്കുന്നതിന്റെ ഒരു സമീപകാല ഉദാഹരണമാണ് ടഫ്‌സ് യൂനിവേഴ്‌സിറ്റിയിലെ റുമൈസ ഓസ്തുര്‍ക്കിനെ പകല്‍ വെളിച്ചത്തില്‍ മുഖംമൂടി ധരിച്ച ഏജന്റുമാര്‍ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക്, ടഫ്‌സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.
കാമ്പസിലെ വിദ്യാര്‍ഥികളുടെ പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഫലസ്തീനികളെ പിന്തുണച്ചതിനു പിന്നാലെയാണ് ഒസ്തുര്‍ക്കിന്റെ അറസ്റ്റും വിസ റദ്ദാക്കലും ഉണ്ടായത്. അവര്‍ ‘ഹമാസിനെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നു’ എന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ആരോപിച്ചു.