ബാങ്കോക്ക് : തായ്‌ലാന്റിലും മ്യാന്‍മാറിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്. പ്രാദേശിക സമയം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അതി തീവ്ര ഭൂചലനമുണ്ടായത്.
മ്യാന്‍മറില്‍ മാത്രം 150 ലേറെ പ്പേര്‍ മരിച്ചയാണ് റിപ്പോര്‍ട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സര്‍ക്കാറുകള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ തുറന്നു.
തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു.
പ്രദേശിക സമയം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാന്‍മറില്‍ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാന്‍മര്‍ ആയിരുന്നെങ്കിലും ഒപ്പം തായ്‌ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കില്‍ നിരവധി വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. കെട്ടിടങ്ങള്‍ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാന്‍മറില്‍ കാര്യമായ നാശനഷ്ടങ്ങള്‍ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.
മ്യാന്‍മര്‍ തലസ്ഥാന നഗരത്തിലെ 1000 കിടക്കകളുള്ള വലിയ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് പുറത്ത് മുറിവേറ്റവരുടെ നീണ്ടനിര തന്നെ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവിധ വാഹനങ്ങളില്‍ നിരവധിപ്പേടെ ആശുപത്രികളിലേക്ക് എത്തിച്ചുകൊണ്ടുവരികയാണ്. ആശുപത്രിക്കും ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി.